ടൊറന്റൊ: ചെയ്യാത്ത കൊലക്കുറ്റങ്ങള്‍ക്ക് രണ്ടുപതിറ്റാണ്ടോളം തടവുശിക്ഷ അനുഭവിച്ചതിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചള്‍ക്കു വിധേയനായ അമേരിക്കന്‍ ബോക്‌സര്‍ റൂബിന്‍ കാര്‍ട്ടര്‍ അന്തരിച്ചു. കനേഡിയന്‍ നഗരമായ ടൊറന്റോയിലെ വസതിയില്‍ ഞായറാഴ്ചയായിരുന്നു 76 കാരനായ അദ്ദേഹത്തിന്റെ അന്ത്യം. ക്യാന്‍സര്‍ രോഗബാധിതനായി ഏറെ നാളായി കിടപ്പിലായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കാര്‍ട്ടറിന്റെ സുഹൃത്ത് ജോണ്‍ ആര്‍ട്ടിസ് അറിയിച്ചു.
1961ല്‍ പ്രൊഫണല്‍ ബോക്‌സിങ് റിങ്ങിലെത്തിയ കാര്‍ട്ടര്‍ തന്റെ ഉയരക്കുറവിനെ മറികടന്ന് ശ്രദ്ധേയമായ നോക്കൗട്ട് ജയങ്ങള്‍ സ്വന്തമാക്കി. കരുത്തുറ്റ ഇടികളിലൂടെ ആരാധകരെ സമ്പാദിച്ച കാര്‍ട്ടറിന് ‘ചുഴലിക്കൊടുങ്കാറ്റ്’ എന്ന വിളിപ്പേരും ലഭിച്ചു.
1966ലാണ് വെള്ളക്കാരായ മൂന്നുപേരെ കൊലപ്പെടുത്തിയെന്നു പറഞ്ഞ് കാര്‍ട്ടറിനെ തടവിനു ശിക്ഷിച്ചത്. സാക്ഷികള്‍ മൊഴിമാറ്റയിതിനെ തുടര്‍ന്ന് 76ല്‍ അദ്ദേഹത്തെ താത്കാലികമായി മോചിപ്പിച്ചു. ആവര്‍ഷം തന്നെ സാക്ഷികളിലൊരാള്‍ മൊഴിമാറ്റത്തില്‍ നിന്ന് പിന്മാറി. അതോടെ കാര്‍ട്ടര്‍ വീണ്ടും വിചാരണചെയ്ത് അഴിക്കുള്ളിലാക്കി. എങ്കിലും 1985ല്‍ നല്ലനടപ്പിന്റെ പേരില്‍ കാര്‍ട്ടറെ മോചിപ്പിച്ചു. അപ്പോഴേക്കും 19 വര്‍ഷം അദ്ദേഹം തടവറയില്‍ ജീവിതം ഹോമിച്ചുകഴിഞ്ഞിരുന്നു. വര്‍ണവിവേചനത്തിന്റെ ഇരയാണ് കാര്‍ട്ടറെന്ന് പറഞ്ഞ് മനുഷ്യാവകാശ സംഘടനകള്‍ ഏറെ പ്രതിഷേധമാണ് അക്കാലമത്രെയും ഉയര്‍ത്തിയത്.
മുഹമ്മദ് അലിയെയും സംഗീതജ്ഞന്‍ ബോബ് ഡൈലനെയും പോലുള്ള പ്രശസ്തര്‍ കാര്‍ട്ടര്‍ക്കു പിന്തുണയുമായെത്തി.
കാര്‍ട്ടറുടെ വിധിവൈപരീത്യം പ്രമേയമാക്കി ‘ഹരിക്കെയ്ന്‍’ എന്നപേരില്‍ ഗാനവും ഡൈലന്‍ പുറത്തിറക്കി. കാര്‍ട്ടര്‍ക്കെതിരായ വംശീയ ഗൂഢാലോചനകള്‍ പല പുസ്തകങ്ങളുടെയും ഒരു സിനിമയുടെയും ഇതിവൃത്തവുമായി.
















