ഷാര്‍ജ: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് വീണ്ടും ചെയ്‌സിങ്ങിന്റെ രാജാക്കന്‍മാരായി. ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മലര്‍ത്തിയടിച്ച പഞ്ചാബിപ്പട ഞായറാഴ്ച രാവില്‍ രാജസ്ഥാന്‍ റോയല്‍സ് തീര്‍ത്ത റണ്‍ മലയ്‌ക്കുമേല്‍ ഏഴു വിക്കറ്റിന്റെ ജയക്കൊടി നാട്ടി. റോയല്‍സ് മുന്നില്‍വച്ച 192 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 18.4 ഓവറിലാണ് കിങ്‌സ് ഇലവന്‍ മറികടന്നത്.
ഐപിഎല്ലില്‍ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമായിരുന്നു റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത് 190നുമേല്‍ റണ്‍സ് കുറിച്ച ഒരു മത്സത്തിലും അവര്‍ ഇതുവരെ തോറ്റിട്ടില്ല. എന്നാല്‍ ഇത്തവണ റോയല്‍സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വീരേന്ദര്‍ സെവാഗിനെയും വൃദ്ധിമാന്‍ സാഹയെയും പോലുള്ള നാട്ടുവീരര്‍ ബാറ്റ് താഴ്‌ത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഡേവിഡ് മില്ലറും ഒരിക്കല്‍ക്കൂടി കിങ്‌സ് ഇലവനെ ത്രസിപ്പിക്കുന്ന ജയത്തിന്റെ ചിറകേറ്റി. വീരുവും സാഹയും രണ്ടു റണ്‍സ് വീതം മാത്രമെടുത്തു മടങ്ങി. ഒരു വശത്ത് പിടിച്ചു നിന്നെങ്കിലും ചേതേശ്വര്‍ പൂജാരയും ട്വന്റി 20 താരത്തിനു ചേര്‍ന്ന കളിയല്ല കാഴ്‌ച്ചവച്ചത്. 40 റണ്‍സെടുക്കാന്‍ പൂജാര ചെലവിട്ടത് 38 പന്തുകള്‍. പക്ഷേ, ആ കുറവെല്ലാം പരിഹരിക്കാന്‍ പോന്നതായി മാക്‌സ്‌വെല്ലും മില്ലറും നടത്തിയ ബാറ്റിങ് വിസ്‌ഫോടനം.
ഇരുവരും ചേര്‍ന്ന് നേരിട്ട 64 പന്തുകളില്‍ 140 റണ്‍സ് പഞ്ചാബിന്റെ അക്കൗണ്ടില്‍ ഒഴുകിയെത്തി. ബാറ്റിങ് ഓര്‍ഡറിലെ സീനിയറായ മാക്‌സ്‌വെല്‍ തന്നെയായിരുന്നു വെടിക്കെട്ടിന് തിരികൊളുത്തിയത്. അഞ്ചാം ഓവറില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനെ സിക്‌സിനും ബൗണ്ടറിക്കും പറത്തി താണ്ഡവം തുടങ്ങിയ മാക്‌സ്‌വെല്‍ എതിര്‍ ബൗളര്‍മാരില്‍ ആരെയും വെറുതെവിട്ടില്ല. പ്രവീണ്‍ താംബെയും ജയിംസ് ഫാല്‍ക്‌നറും ധവാല്‍ കുല്‍ക്കര്‍ണിയും രജത് ഭാട്ടിയയുമൊക്കെ ഒന്നിലധികം തവണ ഗ്യാലറിയിലും ബൗണ്ടറിയിലുമൊക്കെയെത്തി. ഒടുവില്‍, 45 പന്തില്‍ എട്ടു ഫോറുകളും ആറു സിക്‌സറുമടക്കം 89 റണ്‍സുമായി മാക്‌സ്‌വെല്‍ കൂടാരംകയറുമ്പോള്‍ റോയല്‍സ് ആശ്വാസംകൊണ്ടു. അതിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളു. മാക്‌സ്‌വെല്‍ അവസാനിപ്പിച്ചിടത്തു നിന്ന് മില്ലര്‍ (19 പന്തില്‍ 51, ആറ് സിക്‌സ്) തുടങ്ങി. അവസാന മൂന്ന് ഓവറില്‍ 37 എന്ന കണക്ക് കിങ്‌സ് ഇലവന്റെ മുന്നില്‍.എന്നാല്‍ കുല്‍ക്കര്‍ണിയെ നാലു സിക്‌സറുകള്‍ക്ക് പറത്തിയ മില്ലര്‍ ആളിപ്പടര്‍ന്നു. ഫാല്‍ക്‌നര്‍ എറിഞ്ഞ 19-ാം ഓവറിന്റെ നാലാം പന്ത് കാണികള്‍ക്കിടയിലേക്ക് അടിച്ച് മില്ലര്‍ ദൗത്യം സ്റ്റൈലായി പൂര്‍ത്തീകരിച്ചു. അതിശയ പ്രകടനം കണ്ട ലഹരിയില്‍ പൂജാര അപ്പോള്‍ അപ്പുറത്തുണ്ടായിരുന്നു.
















