ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓള്‍ റൗണ്ട് മികവിനു മുന്നില്‍ മുംബൈ ഇന്ത്യന്‍സിന് പിടിച്ചു നില്‍ക്കാനായില്ല. ബാറ്റു കൊണ്ടും പന്തു കൊണ്ടും ഇന്ത്യന്‍സിനെ ബഹുദൂരം പിന്നിലാക്കിയ ബാംഗ്ലൂര്‍ ടീം ഐപിഎല്‍ ഏഴാം സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. ഏഴു വിക്കറ്റിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ജയിച്ചുകയറിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍സ് വെറും 9ന് 115ല്‍ ഒതുങ്ങി. ബാംഗ്ലൂര്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം ബലികഴിച്ച് ലക്ഷ്യം മറികടന്നു. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ (57 നോട്ടൗട്ട്) എബി ഡിവില്ലിയേഴ്‌സ് (45 നോട്ടൗട്ട്) എന്നിവരുടെ പ്രകടനം ബാംഗ്ലൂരിന്റ ജയത്തില്‍ നിര്‍ണായകമായി.
മുംബൈയ്‌ക്ക് എല്ലാം പിഴച്ച ദിവസമായിരുന്നു. ഓപ്പണര്‍മാരായ മൈക്ക് ഹസിയും (16) ആദിത്യ താരെയും (17) നിലവാരം കാത്തില്ല. തുടക്കത്തില്‍ തന്നെ രണ്ടുപേരും നല്‍കിയ ക്യാച്ചുകള്‍ ബാംഗ്ലൂര്‍ ഫീല്‍ഡമാര്‍ വിട്ടുകളഞ്ഞെങ്കിലും അതു മുതലാക്കാന്‍ മുംബൈ ഓപ്പണര്‍മാര്‍ക്കു കഴിഞ്ഞില്ല. മിച്ചല്‍ സ്റ്റാര്‍ക്കും ആല്‍ബി മോര്‍ക്കലും നല്ല സ്വിങ്ങും പേസും കാട്ടിയപ്പോള്‍ ഹസിയും താരെയും തളയ്‌ക്കപ്പെട്ടു. വരുണ്‍ ആരോണിന്റെ പന്തുകളും മുംബൈയെ വിറപ്പിച്ചു. താരെയെ ആരോണും ഹസിയെ മോര്‍ക്കലും ഡഗ് ഔട്ടിലെത്തിച്ചു.
യുവ ലെഗ് സ്പിന്നര്‍ യശ്വേന്ദ്ര ചഹലും താളം കണ്ടെത്തിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് കളംവാണു. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (2) അപകടകാരിയായ കെയ്‌റോണ്‍ പൊള്ളാര്‍ഡും (3) ചഹിലനെ നമിച്ച നിമിഷം ഇന്ത്യന്‍സിന്റെ മധ്യനിര വിറകൊണ്ടു. ഒടുവില്‍ അമ്പാട്ടി റായിഡുവും (35) കോറി ആന്‍ഡേഴ്‌സനും (18) ചേര്‍ന്ന് മുംബൈയെ നൂറുകടത്തി. ആ ഘട്ടത്തില്‍ അവര്‍ രക്ഷപ്പെടുമെന്നു തോന്നി. എന്നാല്‍ റായിഡുവിന്റെ പുറത്താകല്‍ എല്ലാം വീണ്ടും തകിടംമറിച്ചു. പിന്നെ 4ന് 101 എന്ന നിലയില്‍ നിന്ന് മുംബൈ തുച്ഛമായ സ്‌കോറില്‍ ഒതുങ്ങി. റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി സ്റ്റാര്‍ക്കും ആരോണും ചഹലും രണ്ട് വിക്കറ്റുകള്‍ വീതം പിഴുതു.
സഹീര്‍ഖാന്റെയും ലാസിത് മലിംഗയുടെയും പന്തേറ് മുംബൈയെ മോഹിപ്പിക്കുന്നതുകണ്ടുകൊണ്ടാണ് മത്സരത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. നിക്ക് മാഡിന്‍സനെ (12) മലിംഗ ബൗള്‍ഡാക്കുമ്പോല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്‌കോര്‍,16. പിന്നാലെ വിരാട് കോഹ്‌ലിയെയും (0) യുവരാജ് സിങ്ങിനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി സഹീര്‍ ജ്വലിച്ചു. ഹര്‍ഭജന്‍ സിങ്ങും കൃത്യതയോടെ പന്തുചുഴറ്റി. എങ്കിലും പാര്‍ഥിവ് പിടിച്ചു നിന്നു. ഡിവില്ലിയേഴ്‌സ് കൂടെയെത്തിയപ്പോള്‍ ചലഞ്ചേഴ്‌സ് താളം വീണ്ടെടുത്തു. 99 റണ്‍സ് ചേര്‍ത്ത ഈ ജോടി എതിരാളിക്ക് ഒരു പഴുതും നല്‍കിയില്ല. പാര്‍ഥിവ് ഏഴു ഫോറുകള്‍ തൊടുത്തു; എബിഡി മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും. പാര്‍ഥിവ് മാന്‍ ഒഫ് ദ മാച്ച്.
















