ന്യൂദല്‍ഹി: വെടിയുണ്ടകളുമായി എയര്‍പോര്‍ട്ടില്‍ പിടിയിലായ ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ക്ക് അമേരിക്കയിലേക്ക് യാത്രാനുമതിയില്ല. കഴിഞ്ഞമാസം 11ന് പിടിയിലായ മാനി എന്കാര്നാഷിയന്(49) രാജ്യം വിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്. ഇന്ത്യാ- അമേരിക്ക നയതന്ത്രബന്ധത്തില്‍ ഉടലെടുത്തിരിക്കുന്ന അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട അവസാനത്തെ സംഭവമാണിത്.
ഇറാന് സ്വദേശിയായ ഭാര്യയെ സന്ദര്‍ശിക്കാന്‍ ദല്‍ഹിയിലെത്തിയ മാനി അബദ്ധത്തില്‍ ലഗേജിനുള്ളില്‍ വെടിയുണ്ടകള്‍ സൂക്ഷിച്ചതാണെന്നാണ് അമേരിക്കന്‍ എംബസി നല്കുന്ന വിശദീകരണം. എന്നാല്‍ മൂന്ന് വെടിയുണ്ടകളുമായി പിടിയിലായ മാനിയെ ആയുധ നിയമപ്രകാരം കുറ്റങ്ങള്‍ ചുമത്തി ദല്‍ഹി പോലീസ് കോടതിയിലെത്തിക്കുകയായിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് തന്നെ അമേരിക്കയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ കാര്യങ്ങളും നടത്തണമെന്ന് ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
കോടതി പോലീസ് ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ചെങ്കിലും കേസ് ഇനി പരിഗണിക്കുന്ന ഏപ്രില്‍ 17 വരെ രാജ്യം വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പാസ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ കോടതി കണ്ടുകെട്ടി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അമേരിക്കന്‍ എംബസി ഇടപെട്ടെങ്കിലും രാജ്യത്തെ നിയമം അനുസരിച്ച് മാത്രമേ പ്രശ്നത്തില്‍ ഇടപെടാനാവൂ എന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുകയായിരുന്നു.
അതിനിടെ മാനിയുടെ അറസ്റ്റ് അമേരിക്കയില്‍ വലിയ വിവാദമായി മാറിയിട്ടുണ്ട്. ന്യൂയോര്‍ക്ക് മേയറും അമേരിക്കന്‍ മാധ്യമങ്ങളും വിഷയത്തില്‍ വലിയ ചര്‍ച്ചകളാണ് തുടങ്ങിവെച്ചിരിക്കുന്നത്. ദേവയാനി വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നടപടികളോടുള്ള ഇന്ത്യയുടെ പ്രതികാര നടപടിയാണിതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും നല്ല പെരുമാറ്റം മാത്രമേ മാനിക്ക് നേരിടേണ്ടി വരുകയുള്ളൂവെന്നാണ് പ്രതീക്ഷയെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ പറഞ്ഞു. തങ്ങളുടെ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എന്നാല്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം സാവധാനം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ ബില്‍ ബ്രാട്ടണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: