കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. കുമരകത്ത് നടന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ബിജെപി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ എംപി ഫണ്ട് ഉപയോഗിക്കപ്പെട്ട മണ്ഡലമാക്കി കോട്ടയത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശബരി റെയില്‍വേ, ശബരി എയര്‍പോര്‍ട്ട്, നാലുവരിപ്പാത, പാലാ – വൈക്കം റോഡ് വികസനം, റബ്ബറിന് വില 200 രൂപയായി ഉയര്‍ത്താന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുക, എന്നീ കാര്യങ്ങള്‍ എംപി എന്ന നിലയില്‍ തന്റെ മുഖ്യ അജണ്ടയായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.യു. ശാന്തകുമാര്‍, വി.ആര്‍. രാജന്‍, അഡ്വ. മണികണ്ഠന്‍ നായര്‍, മനോജ് നീണ്ടൂര്‍, ബാബു കിളിരൂര്‍, ആന്റണി അറയില്‍, സുമ വിജയന്‍, അഡ്വ. ശ്രീകുമാര്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















