ചില രാജ്യങ്ങള്‍ക്ക് കീഴടങ്ങുക എന്നത് അഭിമാനകരമായി കരുതുന്ന ഭരണകൂടത്തെ എന്തു പേരിട്ട് വിളിക്കണമെന്ന് അറിഞ്ഞുകൂട. ഏതായാലും അത്തരമൊരു നാണക്കേടിനും അഭിമാനക്ഷതത്തിനും കാരണമായിരിക്കുന്നു. സര്‍വോപരി സ്വന്തം നാട്ടുകാരോട് തികഞ്ഞ അവഗണനയും കേന്ദ്രഭരണകൂടം കാണിച്ചിരിക്കുന്നു. ജീവിക്കാന്‍ മത്സ്യം പിടിച്ചിരുന്ന രണ്ടു തൊഴിലാളികളെ ധാര്‍ഷ്ട്യത്തിന്റെ പേശീബലത്തില്‍ രണ്ട് അന്യരാജ്യക്കാര്‍ വെടിവെച്ചു കൊന്നപ്പോള്‍ അതില്‍ തരിമ്പു ദുഃഖവും തോന്നാത്തവരാണ് കേന്ദ്രഭരണക്കാര്‍. അവര്‍ ഒരു പ്രത്യേകരാജ്യത്തുനിന്നുള്ളവരാണ് എന്ന ഒറ്റക്കാരണത്താല്‍ അക്രമികളെ ഏതുവിധേനയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് തുടക്കം മുതല്‍ തന്നെ ഉണ്ടായത്.
കടല്‍ക്കൊലക്കേസില്‍ ഇറ്റലിയുടെ സൈനികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രചിച്ച തിരക്കഥയ്ക്ക് ഒടുവില്‍ കഴിഞ്ഞദിവസം പരിസമാപ്തിയായതോടെ ഭാരതീയര്‍ക്ക് ഇനി ഒരു സംശയവും അവശേഷിക്കുന്നില്ല. കേവലം ആറു കോടിക്കടുത്ത് ജനസംഖ്യയുള്ള ഒരു രാജ്യത്തിനു മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്ക്കാന് ഇന്ത്യന്‍ ഭരണകൂടത്തെ നയിച്ച ചേതോവികാരത്തെയാണ് നമുക്കു ചോദ്യം ചെയ്യേണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ജന്മനാടായ ഇറ്റലിയോട് കൂറുകാണിക്കുമ്പോള് ഇന്ത്യക്കാര്‍ അടിമകളാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയല്ലേ?
തൊഴിലാളിയെ നിഷ്കരുണം വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ മറീനുകളെ നിസ്സാര കുറ്റം ചെയ്തവരാക്കി കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുമ്പോള്‍ അടിമരാജ്യത്തിന്റെ ദയനീയമായ സ്ഥിതിയിലേക്ക് ഭാരതീയരെ ഇടിച്ചുതാഴ്ത്തുകയല്ലേ സോണിയ നിയന്ത്രിക്കുന്ന ഭരണകൂടം? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇങ്ങനെ അപമാനിതരാവാന്‍ മാത്രം എന്തു തെറ്റാണ് ഇവിടത്തുകാര്‍ ചെയ്തത്. ഇറ്റാലിയന്‍ മറീനുകള്‍ക്ക് സുവനിയമപ്രകാരം കേസ് ചുമത്തി പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാനായിരുന്നില്ലേ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. പകരം പെറ്റി കേസില്‍ പെടുത്തി അവരെ രാജകീയമായി പരിപാലിക്കാനല്ലേ ശ്രമിച്ചത്. ഇറ്റലിയുടെ താല്‍പ്പര്യപ്രകാരം കേസ് നീട്ടിക്കൊണ്ടു പോയ കേന്ദ്രസര്‍ക്കാര്‍ എന്തു സന്ദേശമാണ് ഇതുവഴി ലോകത്തിന് കൊടുക്കുന്നത്?
മറീനുകള്‍ക്കെതിരെ സുവനിയമം ചുമത്തരുതെന്നും എന്‍ഐഎ അന്വേഷണം പാടില്ലെന്നും ഉപാധിവെച്ച് ഇറ്റലി തുടക്കം മുതല്‍ ഭാരത സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. കൊലയാളികള്‍ക്ക് ഫൈവ്സ്റ്റാര്‍ സുഖസൗകര്യങ്ങളും ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരവും ഒരുക്കിക്കൊടുത്ത സര്‍ക്കാര്‍ തുടര്‍ നടപടികള്‍ എങ്ങോട്ടാണ് പോകുന്നതെന്നതിനെക്കുറിച്ച് ആദ്യമേ സൂചന നല്‍കിയിരുന്നു. ഭരണത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ നാട്ടിലെ ക്രിമിനലുകളെ കാല്കഴുകിച്ചൂട്ടാനുള്ള ശ്രമം പരിസമാപ്തിയിലെത്തുമ്പോള്‍ ഇവിടുത്തെ ഭരണകൂടത്തിന് ഏത് രാജ്യത്തോടും ജനങ്ങളോടുമാണ് പ്രതിബദ്ധത എന്ന് വ്യക്തമാവുന്നു. അയ്യഞ്ചു കൊല്ലത്തേക്കുള്ള ഒരു സര്‍ക്കസ് ആയി ഭരണം മാറുന്നതിന്റെ പിന്നാമ്പുറത്തെ രാഷ്ട്രീയമാണ് ഇതുവഴി അനാവൃതമാകുന്നത്.
ഏതായാലും കടല്‍ക്കൊല കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയുടെ വിടുപണി ചെയ്യാന്‍ തയ്യാറായ സ്ഥിതിക്ക് കേരളത്തിന്റെ നിലപാട് ശ്രദ്ധേയമാവും. കൊല്ലത്തെ പാവം മത്സ്യത്തൊഴിലാളികളെ വെടിയുണ്ടക്കിരയാക്കിയ സൈനികര്‍ക്ക് പട്ടും വളയും കേന്ദ്രം നല്കുമ്പോള് എന്ത് ചെയ്യണമെന്നറിയാത്ത നിലയിലേക്ക് സംസ്ഥാനം എടുത്തെറിയപ്പെടും. സോണിയയുടെ തുല്യം ചാര്‍ത്തലില്‍ കെപിസിസി പട്ടം കിട്ടിയ വി.എം. സുധീരന് തിരുവായ്ക്ക് എതിര്‍വാ പറയാനാവാതെ വരും. വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇത്തരം ഭരണകൂടം എന്തിന് തങ്ങളെ ഭരിക്കണമെന്ന് ജനങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടകരമായ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
നിസ്സഹായര്‍ക്ക് വറചട്ടി
ഭരണകൂടം ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൊള്ളുന്ന ചോദ്യമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത നാഗത്തിങ്കല്‍ ജോസഫിന്റെ വീട്ടുകാര്‍ ചോദിക്കുന്നത്. ശാസ്ത്രീയവും പരിഷ്കൃതമെന്നും തോന്നിയേക്കാവുന്ന മറുപടി ഇതിനുണ്ടാവാമെങ്കിലും അതില്‍ മനുഷ്യത്വത്തിന്റെ സാരള്യം ഉണ്ടായിക്കൊള്ളണമെന്നില്ല. സ്വന്തം മകളെ ഉന്നത പഠനത്തിന് അയക്കാന്‍ ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത ജോസഫ് ഇപ്പോള്‍ ജയിലഴികളില്‍ പിടിച്ചു കഴിയുകയാണ്. ചീക്കോന്ന് എസ്ബിടി ശാഖയില്‍ നിന്ന് എടുത്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ അടവ് മുടങ്ങിയതാണ് പ്രശ്നമായത്. കൂലിവേല ചെയ്യുന്ന കുടുംബത്തിന്റെ പ്രാരബ്ധമാണ് അടവ്തെറ്റാന് കാരണം. ഹൃദ്രോഗബാധ കൂടി ജോസഫിനെ വേട്ടയാടിയതോടെ ഈ ബിപിഎല്‍ കുടുംബം തികച്ചും പെരുവഴിയിലായി. നല്ലൊരു വീടുണ്ടാക്കാന്‍ 30 സെന്റ് സ്ഥലത്തിന്റെ പകുതിയും വിറ്റ അവസരത്തിലാണ് ബാങ്ക് ക്രിമിനല്‍ പുള്ളിയോടെന്നപോലെ ജോസഫിനോട് പെരുമാറിയത്. മകളുടെ നഴ്സിംഗ് പഠനത്തിന് എടുത്ത വായ്പയാണ് ദുരിതമായത്. മകള്‍ക്കാണെങ്കില്‍ വിചാരിച്ചപോലെ ജോലിയും തരപ്പെട്ടില്ല. അടവ് മുടങ്ങിയതോടെ ബാങ്ക് പേശീബലത്തില്‍ ജോസഫിനെ വീട്ടില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒടുവില്‍ ജയിലില്‍ എത്തിയശേഷമേ വീട്ടുകാരും നാട്ടുകാരും വിവരം അറിഞ്ഞുള്ളൂ.
എല്ലാവര്ക്കും സേവനം ചെയ്യുന്ന ജോസഫിന് ദുര്‍ഗതി വന്നതോടെ പൊതുജനങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നതാണ് ഇതിലെ ആശ്വാസത്തെളിനീര്. ഗുണ്ടകളെപ്പോലെ ബാങ്കുകള്‍ പെരുമാറരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പോലും കാറ്റില്‍പറത്തി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടകരമായ അന്തരീക്ഷമാണുണ്ടാവുക എന്ന് പറയാതെ വയ്യ. ജനങ്ങള്‍ക്ക് ഗുണകരമാവുന്ന പദ്ധതികളുടെ ഉള്ളുകള്ളികള്‍ തിരിച്ചറിയാന്‍ അതീവ ശ്രദ്ധയുണ്ടാകണമെന്ന കാര്യം കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: