തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറുന്നവര്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുക സ്വാഭാവികമാണെങ്കിലും തെരഞ്ഞെടുപ്പിനു പോകുന്നവര്‍ പാര്‍ലമെന്റില്‍ രാഷ്ട്രീയപ്രസംഗം നടത്താറില്ല. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ ധനമന്ത്രി പി.ചിദംബരം അതും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ചിദംബരം അവതരിപ്പിച്ച ഇടക്കാല ബജറ്റിന് ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ നിലവാരമാണുള്ളത്. പൊതുതെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം ഉറപ്പായ കോണ്‍ഗ്രസ് പിടിച്ചുനില്ക്കാനാവുമോ എന്ന് ശ്രമിച്ചുനോക്കുകയാണ്.
ധനകമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.6 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന അവകാശവാദവുമായാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. “ഒരു സദ്വാര്ത്തയോടെ ആരംഭിക്കാം, 2013-14 ലെ ധനകമ്മി 4.6 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ താഴെയാണിത്.” യുപിഎ ഭരണത്തില്‍ സാമ്പത്തിക രംഗം താറുമാറാക്കിയതിന്റെ ചിത്രം മറച്ചുപിടിക്കാന്‍ ചിദംബരം പയറ്റുന്ന തന്ത്രമാണിതെന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. സ്ഥിതിഗതികളെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന വലിയൊരു സാമ്പത്തിക വിദഗ്ദ്ധനാണ് താനെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ് ചിദംബരം ധനകമ്മിയെ വല്ലാതെ ആശ്രയിക്കുന്നത്.
2012 ആഗസ്റ്റില്‍ ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ധനകമ്മിയെക്കുറിച്ച് ചിദംബരം ചില വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. 2013-14 ല്‍ 4.8 ശതമാനമായും 2014-15 ല്‍ 4.2 ശതമാനമായും 2015-16 ല്‍ 3.6 ശതമാനമായും ധനകമ്മി കുറച്ചുകൊണ്ടു വരുമെന്നായിരുന്നു അത്. സര്‍ക്കാരിന്റെ ചെലവ് കുറച്ചുകാണിച്ചാണ് ധനകമ്മിയുടെ കാര്യത്തില്‍ ധനമന്ത്രി ഇടക്കാല ബജറ്റില്‍ അവകാശവാദം ഉന്നയിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
നല്ല ഭരണം കാഴ്ചവെക്കാന്‍ ഹാര്‍വാര്‍ഡില്‍ പഠിക്കുകയല്ല ഹാര്‍ഡ് വര്‍ക്ക് (കഠിനമായ ജോലി)ചെയ്യുകയാണ് വേണ്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി അടുത്തിടെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മന്ത്രി ചിദംബരത്തെ ലക്ഷ്യമിട്ടായിരുന്നു ഇത്. ഹാര്‍വാര്‍ഡില്‍ പഠിച്ചതില്‍ അഭിമാനിക്കുന്നുവെന്നാണ് ചിദംബരം ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത്. എന്നാല്‍ നല്ല ധനകാര്യമന്ത്രിയാവാന്‍ ഹാര്‍വാഡ് പഠനം പോരെന്നാണ് യുപിഎ സര്‍ക്കാരിലെ ചിദംബരത്തിന്റെ പ്രകടനം തെളിയിക്കുന്നത്. ഇടക്കാല ബജറ്റ് നല്കുന്ന ചിത്രവും വ്യത്യസ്തമല്ല.
ഒരര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്ത യുപിഎ സര്‍ക്കാരിന്റെ വിടവാങ്ങല്‍ ബജറ്റാണിത്. ബജറ്റവതരണത്തിന് പകരം പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിക്കുകയായിരുന്നു ഭേദം എന്ന വിമര്‍ശനം ഉയരുന്നത് ഇതിനാലാണ്. തൊഴിലില്ലായ്മ പരിഹരിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അഴിമതി ഇല്ലാതാക്കാനും കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ പൊതുതെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഇടക്കാല ബജറ്റിലൂടെ ചില ജനപ്രിയ പരിപാടികള്‍ പ്രഖ്യാപിച്ച് വോട്ടര്‍മാരെ വ്യാമോഹിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് വ്യക്തം.
ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് കേന്ദ്രിതമാണെന്ന് പകല്‍പോലെ വ്യക്തമാണ്. വിമുക്ത ഭടന്മാര്ക്ക് സഹായമാവുന്ന ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ പദ്ധതി മന്ത്രി ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലംതൊട്ടുള്ള ആവശ്യമാണിതെന്ന് ഓര്‍ക്കണം. രാജ്യത്തിനുവേണ്ടി മരിക്കാന്‍വരെ തയ്യാറായ വിമുക്തഭടന്മാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു ധനകാര്യ കമ്മീഷനെ നിയോഗിക്കേണ്ടതായിരുന്നു എന്ന ആവശ്യം പ്രസക്തമാണ്.
ധനമന്ത്രി ചിദംബരം അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണ്. ഇടക്കാല ബജറ്റുകളില്‍ സാധാരണ വലിയ പ്രഖ്യാപനങ്ങളൊന്നും ഒരു ധനമന്ത്രിയും നടത്താറില്ല. കാരണം നിലവിലുള്ള സര്‍ക്കാരിന് തെരഞ്ഞെടുപ്പിന് മുമ്പ് ഇതൊന്നും നടപ്പാക്കാനുള്ള സാവകാശം ലഭിക്കില്ല. തുടര്‍ന്നുവരുന്ന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇവയൊന്നും ഉള്‍പ്പെടുത്തണമെന്നും നടപ്പാക്കിക്കൊള്ളണമെന്നും നിര്‍ബന്ധവുമില്ല. ഇത് അറിയാമായിരുന്നിട്ടും ചില പ്രഖ്യാപനങ്ങള്‍ക്ക് ചിദംബരം തയ്യാറായത് പൊതുതെരഞ്ഞെടുപ്പില്‍ കണ്ണുവെച്ചാണെന്ന് വ്യക്തം. ഇതില്‍ രാഷ്ട്രീയ സദാചാരമില്ലായ്മയുടെ പ്രശ്നമുണ്ട്. പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തിലെ ‘നേട്ടങ്ങള്‍’ പറയാനാണ് ബജറ്റവതരണത്തിലെ അധിക സമയവും ചിദംബരം വിനിയോഗിച്ചത്. എന്നാല്‍ ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നന്നായറിയാവുന്ന ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇതിന് ചുട്ട മറുപടി തന്നെ നല്‍കും. പത്ത് വര്‍ഷത്തെ ഭരണത്തിലെ സാമ്പത്തിക, സാമൂഹ്യ നേട്ടങ്ങള്‍ ചുരുക്കി അവതരിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രതികരണം സത്യാവസ്ഥ അറിയാവുന്ന ജനങ്ങള്‍ ചിരിച്ചു തള്ളും.
സിദ്ധാര്ഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: