തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനില്‍ക്കെ ധനമന്ത്രി പി.ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് പ്രസംഗമെന്ന് പരിഹസിക്കപ്പെടുമ്പോഴും തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ ബജറ്റ് സ്വകാര്യ കുത്തകകളെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിടുന്നതും മധ്യവര്‍ഗത്തെ പ്രസാദിപ്പിക്കുന്നതുമാണ്. പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ ഉത്ഘോഷിക്കുന്ന ബജറ്റ് യഥാര്‍ത്ഥത്തില്‍ യുപിഎയുടെ പത്തുവര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡാണ്. മൊബെയില്‍ ഫോണുകളും കാറുകളും ടിവികളും ഫ്രിഡ്ജുകളും ആദായകരമാക്കി ഉപഭോഗത്വര വളര്‍ത്തി തന്റെ സര്‍ക്കാരിന് നടപ്പാക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച ധനമന്ത്രി പക്ഷേ കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടികളും പ്രഖ്യാപിച്ചില്ല. ക്ഷേമപദ്ധതികള്‍, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നിവയ്ക്ക് ആനുകൂല്യങ്ങളുണ്ടെങ്കിലും പ്രത്യക്ഷനികുതിയില്‍ മാറ്റമില്ലാതെ, ആദായനികുതിയില്‍ ഇളവില്ലാതെ സ്വര്‍ണ തീരുവ കുറച്ച് പുറപ്പെടുവിച്ച ബജറ്റിലെ ധനക്കമ്മി 4.6 ആയിരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അഞ്ച് ശതമാനമായിരുന്നതില്നിന്നുള്ള കുറവാണിത്. കടം 69,000 കോടിയായി നിലനില്‍ക്കെ സാമ്പത്തികവളര്‍ച്ച ഒമ്പത് ശതമാനമാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ജിഡിപി 4.8 ശതമാനമായിരുന്നല്ലോ. വളര്‍ച്ച ഉറപ്പുവരുത്താനായി മൂലധനസാമഗ്രികളുടെ എക്സൈസ് ഡ്യൂട്ടി 12ല്‍നിന്നും 10 ശതമാനമായി കുറച്ചു. നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് പാഴാവില്ലെന്ന പ്രഖ്യാപനവുമുണ്ട്.
ദല്‍ഹി ബലാത്സംഗത്തിനുശേഷം അനുവദിച്ച നിര്‍ഭയ പദ്ധതിക്ക് അന്ന് പ്രഖ്യാപിച്ച 1000 കോടി രൂപയില്‍ ഒരുരൂപ പോലും യുപിഎ സര്‍ക്കാര്‍ ചെലവാക്കിയില്ല എന്നതും പ്രസ്താവ്യമാണ്. രാജ്യത്ത് മൂന്ന് വ്യവസായ ഇടനാഴികള്‍: ചെന്നൈ-ബാംഗ്ലൂര്‍, ബംഗളൂരു-മുംബൈ, അമൃത്സര്‍-കൊല്‍ക്കത്ത എന്നിവയും ബജറ്റിലുണ്ട്. പഞ്ചായത്തീരാജ് സംവിധാനത്തിനായി 700 കോടി രൂപയും റെയില്‍വേയ്ക്ക് 29,000 കോടി രൂപയും പട്ടികജാതിക്കാര്‍ക്ക് വ്യവസായപദ്ധതി സഹായമായി 200 കോടി രൂപയും നല്‍കും. ഒരു റാങ്കിന് ഒരു പെന്ഷന് എന്ന പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍, വനിതാ-ശിശുക്ഷേമത്തിന് 21,000 കോടി, വടക്കു-കിഴക്കന്‍ സംസ്ഥാനമായി 12,000 കോടി രൂപ, റൂറല്‍ ഹൗസിംഗ് ഫണ്ടിന് 2000 കോടി രൂപ, സാമൂഹ്യമന്ത്രാലയത്തിന് കീഴില്‍ 6730 കോടി രൂപയുടെ പദ്ധതി ഇവയും ബജറ്റിലുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിനായി 3711 കോടിയും ക്ഷാമനിവാരണത്തിനായി 6000 കോടി രൂപയും അനുവദിച്ചു. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് വഴി കുടുതല്‍ തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. ബിജെപി നേതൃത്വം നല്കിയ എന്‍ഡിഎ സര്‍ക്കാര്‍ നാലുകൊല്ലംകൊണ്ട് 60 ലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടാക്കിയത്. പക്ഷേ യുപിഎ സര്‍ക്കാര്‍ യന്ത്രസാമഗ്രികളുടെ ഇറക്കുമതി കുറച്ചത് വ്യവസായമേഖലയെ സ്തംഭിപ്പിച്ചു. കാര്‍ഷികമേഖല വളര്‍ച്ച നേടിയെന്ന് പറയുന്ന ധനമന്ത്രി ആ വളര്‍ച്ച മണ്‍സൂണ്‍ ആനുകൂല്യമായിരുന്നുവെന്നത് മറക്കുന്നു. 2014-15 സമയത്ത് 5,55,000 ലക്ഷം കോടി പ്ലാന്‍ ചെലവും 11 ലക്ഷം കോടി നോണ്‍പ്ലാന്‍ ചെലവും പ്രഖ്യാപിച്ചിട്ടുണ്ട്. 67 പേരുടെ കള്ളപ്പണ്ണ വിദേശ നിക്ഷേപം തിരികെ കൊണ്ടുവരുമെന്ന് പറയുമ്പോഴും ഇതുവരെ ഒരാളുടെ പോലും കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കാനാകാത്ത സര്‍ക്കാരാണിത്. യുപിഎ ഇന്ത്യന്‍ ധനസ്ഥിതി തകര്‍ത്ത സര്‍ക്കാരാണെന്ന് ബിജെപി ബജറ്റിനോട് പ്രതികരിച്ചു.
ഗ്രാമീണ വികസനവകുപ്പിന്റെ വിഹിതം വെട്ടിക്കുറച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കാതലായ നടപടികളെടുക്കാതെ ആകെ ബജറ്റില്‍ വില കുറച്ചത് ഭക്ഷ്യ എണ്ണകളല്ലാത്ത എണ്ണകള്‍ക്ക് മാത്രം. കേരളത്തോട് തികഞ്ഞ അവഗണനയാണ് ധനമന്ത്രി പി.ചിദംബരവും റെയില്‍വേ മന്ത്രിയെപ്പോലെ തന്നെ കാണിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കോ റബര്‍ കര്‍ഷകര്‍ക്കോ ഗുണകരമായ ഒരു പ്രഖ്യാപനവും ഇല്ല. ധാരാളം പ്രവാസികളുള്ള കേരളത്തിലെ മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തെപ്പറ്റിയും ധനമന്ത്രി നിശബ്ദനാണ്. കേരള കര്‍ഷകരെ നശിപ്പിക്കുന്ന നയങ്ങളാണ് എന്നും കേന്ദ്രം സ്വീകരിച്ചുവരുന്നത്.
ബജറ്റും അത് സ്ഥിരീകരിക്കുന്നു. ഇടക്കാല ബജറ്റില്‍ വിദ്യാര്‍ത്ഥികളുടെ വായ്പാ തിരിച്ചടവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെ എക്സൈസ് ഡ്യൂട്ടിയിലെ ഇളവിനുമൊപ്പം ചെറുകാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുകയും കാറുകളുടേത് എട്ട് ശതമാനമായും എസ്യുവികളുടേത് 24 ശതമാനമായും കുറയ്ക്കുകയും ചെയ്തു. കൊച്ചിന് മെട്രോയ്ക്ക് 161.79 കോടി സഹായം പ്രഖ്യാപിച്ചത് മാത്രമാണ് കേരളത്തെ സന്തോഷിപ്പിച്ചിരിക്കുന്നത്. യുപിഎ ഭരണത്തില്‍ ഇന്ത്യക്ക് ചൈനയുടെ സമാനമായ വളര്‍ച്ച കൈവരിക്കാനായില്ല. ഈ ബജറ്റില്‍ കാര്യമാത്ര പ്രസക്തമായ യാതൊരു നിര്‍ദ്ദേശങ്ങളും ഇല്ല. ഉപഭോഗത്വര വളര്‍ത്തുന്ന ബജറ്റില്‍ സഞ്ചിതധനം വര്‍ധിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളില്ല.
മന്‍മോഹന്‍സിംഗ് തുടങ്ങിവച്ച നവലിബറല്‍ സാമ്പത്തിക വ്യവസ്ഥിതി തുടരാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ചിദംബരം ഈ ബജറ്റിലും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയെയും ബജറ്റ് അവഗണിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചിദംബരത്തിന്റെ ബജറ്റ് ഒരു തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: