കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ശാന്തകുമാരിടീച്ചര്‍ കവിത ചൊല്ലി. മഹാകവി വള്ളത്തോളിന്റെ കവിത ക്ലാസ് റൂമിലെന്നവണ്ണം ഈണത്തില്‍ ചൊല്ലിയപ്പോള്‍ താളം പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും അടങ്ങുന്ന സദസ്സ് വരവേറ്റു.
തൃശൂരില്‍ പരസഹായം ഇല്ലാതെ ട്രഷറിയില്‍ നിന്ന് പെന്ഷന് വാങ്ങി പോകുന്നതിനിടെയാണ് തൃശൂര്‍ നഗരത്തിലെ ശ്രേഷ്ഠ മലയാളം ദിനത്തിനെപ്പറ്റി വായിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ നിശ്ചയിച്ചു എന്തുവന്നാലും ടൗണ്‍ഹാളിലെ പരിപാടികള്‍ കാണണമെന്ന്. മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന വള്ളത്തോളിന്റെ കവിതാശകലം കുറിച്ചെടുക്കാനും മറന്നില്ല. സധൈര്യം സംഘാടകരോട് പറഞ്ഞപ്പോള്‍ അവര്‍ 77കാരിയായ നാരായണിടീച്ചറെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കവിത ചൊല്ലുവാന്‍ അവസരം ഒരുക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ ലഭിച്ച വരവേല്‍പ്പ് ടീച്ചര്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. അപ്രതീക്ഷിതമായ ബഹുമാനത്തില്‍ അവര്‍ സന്തോഷവതിയാണ്. കവിത ചൊല്ലി സ്റ്റേജില്‍ നിന്ന് വിടവാങ്ങുമ്പോള്‍ മേയര്‍ ഐ.പി.പോള്‍ ഇവര്‍ക്ക് ഒരു ഉപഹാരവും നല്‍കിയാണ് യാത്രയാക്കിയത്.
33 വര്‍ഷത്തെ സര്‍വീസിന് ശേഷം 22 വര്‍ഷം വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ വായനാശീലവും കവിതയെഴുത്തും കവിത ചൊല്ലലും ജീവിത ചര്യയാക്കി മാറ്റിയിരുന്നു ഈ അധ്യാപിക. ടെലിവിഷന്‍ കാണുന്നത് വാര്‍ത്ത കേള്‍ക്കാനും കവിതകള്‍ കേള്‍ക്കാനും മാത്രം. ഒഴിവുള്ള സമയങ്ങളില്‍ ഭാഗവതവും രാമായണവും ചൊല്ലി 77-ാം വയസ്സിലും സജീവമാകുകയാണ് . ശാന്തകുമാരിടീച്ചര്‍. എട്ടാം ക്ലാസില്‍ തുടങ്ങിയതാണ് കവിതയെഴുത്ത്. അവണൂര്‍, ചൂലിശ്ശേരിയില്‍ താമസിക്കുന്ന ടീച്ചര്‍ എടക്കുളം എല്‍.പി.സ്കൂളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോഴും കവിത എഴുതാറുണ്ട്. ആനുകാലികങ്ങളിലെല്ലാം അവ വരാറുമുണ്ട്.
കുട്ടികള്‍ക്ക് കവിത ചൊല്ലിക്കൊടുക്കലും അക്ഷരശ്ലോകം പഠിപ്പിക്കലും പക്ഷേ ഇപ്പോഴും തുടരുന്നുണ്ട് ടീച്ചര്‍. എന്‍എസ്എസ്സിന്റെ ബാലസമാജത്തിലെ കുട്ടികളെയാണ് ഇവര്‍ ക്ലാസ് റൂമിലെപ്പോലെ പഠിപ്പിക്കുന്നത്. കൃഷിക്കാരനായ ആറ്റൂര്‍ കരുണാകരന് നായരായിരുന്നു ഭര്‍ത്താവ്. രണ്ടാണും രണ്ടുപെണ്ണുമായി നാലുമക്കളുണ്ട് . നാരായണിക്കുട്ടിയോടൊപ്പമാണ് താമസം. സ്കൂള്‍ ജീവിതത്തിന് മുമ്പ് ഗാന്ധിയനായിരുന്നു. രണ്ടുവര്‍ഷത്തോളം മാല നിര്‍മ്മിക്കുകയും അത് പഠിപ്പിക്കുകയുമായിരുന്നു ജോലി. പിന്നീടാണ് എടക്കുളം സ്കൂളില്‍ അദ്ധ്യാപികയായത്. ഇന്നും കവിതയും രാജ്യസ്നേഹവും നിറഞ്ഞ് നില്‍ക്കുന്നുണ്ട് ടീച്ചറുടെ മനസ്സില്‍.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: