ദമാസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടി. തന്ത്രപ്രധാനമായ ഖുസൈര്‍ നഗരം വിമതരില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചെടുത്തെന്ന് ഇസ്രേലിയന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.
സമാധാനദൗത്യവുമായി അന്താരാഷ്‌ട്ര ചര്‍ച്ചകള്‍ക്കുള്ള നീക്കങ്ങള്‍ നടക്കവെയാണ് വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം. രണ്ടാഴ്ചയോളം നടന്ന പോരാട്ടത്തിനൊടുവിലാണ് തെക്കുപടിഞ്ഞാറന്‍ നഗരമായ ഖുസൈറില്‍ സൈന്യം വിജയം നേടിയത്.
ലബനന്‍സിറിയ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ഖുസൈറില്‍ നിന്നും പിന്‍വാങ്ങിയതായി വിമതരും വ്യക്തമാക്കിയിട്ടുണ്ട്. സിറിയന്‍ സൈന്യവും വിമതസേനയും തമ്മില്‍ നടത്തിയ പോരാട്ടത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുദ്ധം അവസാനിച്ചതോടെ റെഡ്‌ക്രോസ് അടക്കമുള്ള സന്നദ്ധസേനകള്‍ക്ക് നഗരത്തില്‍ പ്രവേശനം അനുവദിക്കുമെന്നാണ് കരുതുന്നത്. സിറിയന്‍ സൈന്യത്തിന്റെ വിജയത്തെ ഇറാന്‍ അടക്കമുള്ള അസര്‍ അനുകൂല രാഷ്‌ട്രങ്ങള്‍ സ്വാഗതം ചെയ്തു.
അതേസമയം ജനീവയില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
















