പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബാഴ്സലോണക്ക് സമനില. ഫുട്ബോള്‍ ആവേശം വാനോളമുയര്‍ന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മനാണ് മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയെ സമനിലയില്‍ കുടുക്കിയത്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ബാഴ്സക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സാവിയും ഗോളുകള്‍ നേടിയപ്പോള്‍ പിഎസ്ജിയുടെ ഗോളുകള്‍ മുന്‍ ബാഴ്സ താരമായ സ്ലാറ്റന് ഇബ്രാഹിമോവിച്ചും ബ്ലെയിസ് മറ്റ്യൂഡിയും സ്വന്തമാക്കി. രണ്ട് എവേ ഗോളിന്റെ ആനുകൂല്യം ലഭിച്ച ബാഴ്സക്ക് രണ്ടാം പാദത്തില്‍ ഇത് ഗുണം ചെയ്യും.
മറ്റൊരു ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ വമ്പന്മാരായ ജുവന്റസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജുവന്റസ് ബയേണിനോട് കീഴടങ്ങിയത്. ബയേണിന് വേണ്ടി ഡേവിഡ് അല്ബയും തോമസ് മുള്ളറുമാണ് ഗോളുകള്‍ നേടിയത്.
ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ ആറാം സെമിഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സക്ക് അവസാന നിമിഷത്തില്‍ വഴങ്ങേണ്ടി വന്ന ഗോളാണ് വിജയം നിഷേധിച്ചത്. അതേസമയം കരുത്തരായ ബാഴ്സക്കെതിരെ അടുത്തിടെ ടീമിലെത്തിയ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍താരം ഡേവിഡ് ബെക്കാമിനെ ആദ്യപകുതിയില്‍ അണിനിരത്തിയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. 70 മിനിറ്റ് കളിച്ച ബെക്കാം ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. മധ്യനിരയില്‍ കളിമെനഞ്ഞ് ബെക്കാം ഇബ്രാഹിമോവിച്ചിന് യഥേഷ്ടം പന്തെത്തിച്ചതോടെ ആദ്യ പകുതിയില്‍ തന്നെ പലതവണ ബാഴ്സ ബോക്സ് പ്രകമ്പനം കൊണ്ടു.
തുടക്കം മുതല്‍ ഇരുടീമുകളും മികച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ കാഴ്ചവെച്ചതിനാല്‍ മത്സരം മികച്ച നിലവാരത്തിലേക്കുയര്‍ന്നു. അഞ്ചാം മിനിറ്റില്‍ പിഎസ്ജിക്കാണ് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത്. ലാവേസിയുടെ ഒരു നല്ല ഷോട്ട് പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്ക് പറന്നു. സാവധാനത്തില്‍ മത്സരത്തിലേക്ക് തിരിച്ചുവന്ന ബാഴ്സ ഇനിയേസ്റ്റയുടെയും സാവിയുടെയും മികച്ച പ്രകടനത്തോടെ മധ്യനിരയില്‍ മേധാവിത്തം പുലര്‍ത്തി. പിന്നീട് ബാഴ്സയുടെ ആക്രമണ പെരുമഴയായിരുന്നു പിഎസ്ജി ബോക്സിലേക്ക്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 38-ാം മിനിറ്റില്‍ ബാഴ്സ മെസ്സിയിലൂടെ ലീഡ് നേടി.
ബാഴ്സ നിരയില്‍ മിന്നും പ്രകടനം നടത്തിയ ഡാനി ആല്‍വസാണ് മെസ്സിയുടെ ഗോളിന് വഴിതുറന്നത്. ബോക്സിനുമുന്നില്‍നിന്ന് ആല്‍വസ് പുറംകാലനടിയിലൂടെ കൊടുത്ത പാസ്സ് മെസ്സി ഇടതുമൂലയില്‍നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ 59-ാം ഗോളായിരുന്നു ഇത്. പിന്നീട് മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ മെസ്സി, ആദ്യപകുതിക്കുശേഷം കളത്തിലിറങ്ങിയില്ല. സെസ് ഫാബ്രിഗസാണ് പകരമെത്തിയത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് ബാഴ്സ മുന്നിട്ടുനിന്നു.
പിന്നീട് കളി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പിഎസ്ജി താരങ്ങള്‍ സമനിലക്കായി കനത്ത സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. 79-ാം മിനിറ്റില്‍ ഇതിന് ഫലമുണ്ടായി. ഫ്രീക്കിക്കില്‍നിന്ന് തിയാഗോ സില്‍വയെടുത്ത ഹെഡ്ഡര്‍ പോസ്റ്റില്‍ത്തട്ടിത്തെറിച്ചു. റീബൗണ്ട് വന്ന പന്ത് ഇബ്രാഹിമോവിച്ച് ബാഴ്സ വലയിലാക്കി. ഇബ്ര ഓഫ്സൈഡാണെന്ന ബാഴ്സ താരങ്ങളുടെ വാദം റഫറി അംഗീകരിച്ചില്ല.
മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച അവസരത്തിലാണ് ബാഴ്സ വീണ്ടും ലീഡ് നേടിയത്. ഒരു പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍ പിറന്നത്. പന്തുമായി എതിര് ബോക്സിനുള്ളില്‍ കയറിയ ബാഴ്സയുടെ അലക്സി സാഞ്ചസിനെ പിഎസ്ജി ഗോളി സിരിഗു ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സാവി ഹെര്‍ണാണ്ടസ് പിഎസ്ജി ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തി (2-1)
ഇതോടെ ബാഴ്സ വിജയം ഉറപ്പാക്കിയിരിക്കെയാണ് ഇഞ്ച്വറി സമയത്ത് പിഎസ്ജി സമനില പിടിച്ചത്. ഇബ്രയുടെ പാസ്സില്‍നിന്ന് മറ്റിയൂഡി എടുത്ത ഗ്രൗണ്ടര്‍, ബാഴ്സ ഗോളി വാല്‍ഡെസിന്റെ കൈയില്‍നിന്ന് വഴുതി വലയില്‍ക്കയറിയതോടെ നിര്‍ണായകമായ എവേ വിജയം ബാഴ്സലോണക്ക് നഷ്ടമായി.
ബയേണ്‍ മ്യൂണിക്ക്-ജുവന്റസ്
മ്യൂണിക്ക്: മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്ക് ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. ജര്‍മ്മന്‍ ബുണ്ടസ്ലീഗ് കിരീടം ഉറപ്പിച്ച ബയേണ്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഹോം മത്സരത്തില്‍ ജുവന്റസിനെ കെട്ടുകെട്ടിച്ചത്. മത്സരം തുടങ്ങി 25-ാം സെക്കന്റില്‍ തന്നെ ബയേണ്‍ ജുവന്റസ് വല കുലുക്കി. പന്ത് ടച്ച് ചെയ്ത് നീക്കിയ ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍ നല്കിയ പാസ് സ്വീകരിച്ച് 30 വാര അകലെ നിന്ന് ഡേവിഡ് ആല്‍ബ പായിച്ച ബുള്ളറ്റ് ലോംഗ്റേഞ്ചര്‍ വിശ്വോത്തര ഗോളി ബഫണിനെ നിഷ്പ്രഭനാക്കി വലയില്‍ പതിച്ചു. ആദ്യ മിനിറ്റില്‍ നേടിയ ഗോളിന്റെ ആനുകൂല്യത്തില്‍ പിന്നീട് ബയേണ്‍ താരങ്ങള്‍ ജുവന്റസ് ബോക്സിലേക്ക് ഇരച്ചുകയറുന്നതാണ് കണ്ടത്. ഇതിനിടെ ജുവന്റസ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 12-ാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ആന്ദ്രെ പിര്‍ലോ എടുത്തത് പോസ്റ്റിന് ചുംബിച്ച് പുറത്തുപോയി. നാല് മിനിറ്റിനുശേഷം പരിക്കേറ്റ ക്രൂസിന് പകരം ബയേണ്‍ അര്ജന് റോബനെ കളത്തിലിറക്കി. 18-ാം മിനിറ്റില്‍ റോബന്റെ നല്ലൊരു ഷോട്ട് ബഫണ് രക്ഷപ്പെടുത്തി. 20-ാം മിനിറ്റില്‍ ഫ്രാങ്ക് റിബറിയുടെ ഒരു ശ്രമവും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തുടര്‍ന്നും ചില നല്ല മുന്നേറ്റങ്ങള്‍ ബയേണ്‍ നടത്തിയെങ്കിലും അവയെല്ലാം ബഫണിന്റെ ഉജ്ജ്വല ഫോമിന് മുന്നില്‍ പാഴാവുകയായിരുന്നു. ആന്ദ്രെ പിര്‍ലോയുടെ നേതൃത്വത്തില്‍ ജുവന്റസും ചില നല്ല അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് നടത്തിയത്. 62-ാം മിനിറ്റില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. മരിയോ മാന്സുകിക്ക് നല്കിയ പാസ് സ്വീകരിച്ച് തോമസ് മുള്ളറാണ് ഇത്തവണ ജുവന്റസ് വല കുലുക്കിയത്. തുടര്‍ന്നും ലീഡ് ഉയര്‍ത്താനായി ബയേണ്‍ താരങ്ങളും ഗോള്‍ മടക്കാനായി ജുവന്റസ് താരങ്ങളും മികച്ച പോരാട്ടം നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പാദത്തില്‍ രണ്ട് ഗോളിന്റെ വിജയം നേടിയത് രണ്ടാം പാദത്തില്‍ ബയേണിന് ഗുണകരമാകും. ഏപ്രില്‍ 10ന് ജുവന്റസിന്റെ തട്ടകത്തിലാണ് ബയേണിന്റെ എവേ മത്സരം. ഈ മത്സരം സമനിലയില്‍ കലാശിച്ചാലും ബയേണിന് സെമിയിലേക്ക് മുന്നേറാം. മറിച്ച് സംഭവിക്കണമെങ്കില്‍ ജുവന്റസിന് ഹോം മത്സരത്തില്‍ 3-0ന് ജയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: