Categories: Sports

ഇന്ത്യ നാണംകെട്ടു

Published by

ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‌ ആറ്‌ വിക്കറ്റ്‌ ജയം. ടോസ്‌ നേടി പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിര്‍ദ്ദിഷ്ട 50 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 227 റണ്‍സ്‌ മാത്രമാണ്‌ ഇന്ത്യ നേടിയത്‌. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പാക്കിസ്ഥാന്‍ 48.1 ഒാ‍വറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ മൂന്ന്‌ മത്സരങ്ങളുടെ പരമ്പരയില്‍ 1-0 എന്ന നിലയില്‍ പാക്കിസ്ഥാന്‍ മുന്നിലെത്തി.

തുടക്കത്തില്‍ വന്‍തകര്‍ച്ചയെ നേരിട്ട ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ സെഞ്ച്വറിയിലൂടെ മാത്രമാണ്‌ തരക്കേടില്ലാത്ത സ്കോറിലെത്തിയത്‌. ധോണിക്ക്‌ റെയ്ന പിന്തുണയും നല്‍കിയിരുന്നു. ഒരവസരത്തില്‍ 5 ന്‌ 29 എന്ന ദയനീയ സ്ഥിതിയില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു ആതിഥേയര്‍. സ്കോര്‍ 17 ല്‍ എത്തിയപ്പോള്‍തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും പാക്കിസ്ഥാന്‍ മടക്കി. 4 റണ്‍സെടുത്ത സെവാഗ്‌ ജുനൈദ്ഖാന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. 8 റണ്‍സെടുത്ത ഗംഭീറിനെ ഇര്‍ഫാനും മടക്കിയതോടെ ഇന്ത്യ തുടക്കത്തിലേ കുടുങ്ങി. പിന്നീടെത്തിയ യുവരാജ്‌-കോഹ്ലി സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന്‌ കരുതിയെങ്കിലും അതുണ്ടായില്ല. സ്കോര്‍ 19 ല്‍ എത്തിയപ്പോള്‍ വിരാട്‌ കോഹ്ലിയെ ജുനൈദ്‌ ഖാന്‍ ക്ലീന്‍ബൗള്‍ ചെയ്തു. ഒരു റണ്‍പോലും കോഹ്ലിക്ക്‌ നേടാനായില്ല. ജുനൈദ്ഖാന്റെ മുന്നില്‍ തകരാനായിരുന്നു യുവരാജിന്റെയും വിധി. 2 റണ്‍സ്‌ മാത്രമാണ്‌ യുവി നേടിയത്‌. രോഹിത്‌ ശര്‍മ്മയും (4) മടങ്ങിയതോടെ ഇന്ത്യ ഏറ്റവും ചെറിയ സ്കോറിന്‌ പുറത്താകുന്ന പ്രതീതിയുണ്ടായി. അഞ്ച്‌ മുന്‍നിര ബാറ്റ്സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്താകുന്നത്‌ ആരാധകരെ അമ്പരിപ്പിച്ചു. പിന്നീടാണ്‌ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം നായകന്‍ ധോണി ഏറ്റെടുത്തത്്‌. ധോണിയും റെയ്നയും ചേര്‍ന്ന്‌ ഇന്ത്യയെ 100 കടത്തി. സ്കോര്‍ 102 എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ പാക്കിസ്ഥാന്‌ കഴിഞ്ഞത്‌. 88 പന്തില്‍നിന്നും 43 റണ്‍സെടുത്ത റെയ്നയെ മൊഹമ്മദ്‌ ഹഫീസാണ്‍പുറത്താക്കിയത്‌. തുടര്‍ന്നെത്തിയ അശ്വിനും മികച്ച ചെറുത്തുനില്‍പ്പ്‌ നടത്തിയതോടെ ചുരുങ്ങിയ സ്കോറില്‍ ഇന്ത്യയെ പുറത്താക്കാനുള്ള പാക്കിസ്ഥാന്റെ മോഹം പൊലിഞ്ഞു.

മഹേന്ദ്രസിംഗ്‌ ധോണിയുടെ എട്ടാം ഏകദിന സെഞ്ച്വറിയാണ്‌ ചെന്നൈയില്‍ പിറന്നത്‌. ഏകദിനത്തില്‍ 7000 റണ്‍സ്‌ എന്ന കടമ്പ മറികടക്കുകയും ചെയ്തു. 125 പന്തുകളില്‍നിന്നായി ഏഴ്‌ ബൗണ്ടറികളുടെയും മൂന്ന്‌ സിക്സറിന്റെയും കരുത്തില്‍ 113 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. അശ്വിനും ധോണിയും ചേര്‍ന്ന്‌ ഏഴാം വിക്കറ്റില്‍ 125 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. 39 പന്തുകളില്‍നിന്നും 31 റണ്‍സെടുത്ത അശ്വിന്‍ ധോണിക്ക്‌ മികച്ച പിന്തുണ നല്‍കി. പാക്കിസ്ഥാനുവേണ്ടി ജുനൈദ്ഖാന്‍ നാല്‌ വിക്കറ്റ്‌വീഴ്‌ത്തി.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്റെ ആദ്യവിക്കറ്റ്‌ ആദ്യപന്തില്‍ വീഴ്‌ത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ഭുവനേശ്വര്‍കുമാറിന്റെ ആദ്യപന്തില്‍ ഹാഫീസ്‌ ക്ലീന്‍ബൗള്‍ഡായി. പിന്നീടെത്തിയ അസര്‍ അലിക്കും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 9 റണ്‍സെടുത്ത അലിയെ ഭുവനേശ്വര്‍കുമാര്‍തന്നെ പുറത്താക്കി. ഇതോടെ മത്സരത്തില്‍ ഇന്ത്യ ചെറുതായി പിടിമുറുക്കി. പിന്നീടാണ്‌ കളി കൈവിട്ടുപോയത്‌. നാസിര്‍ ജാംഷെദും യൂനിസ്ഖാനും ചേര്‍ന്ന കൂട്ടുകെട്ട്‌ മത്സരത്തെ ഇന്ത്യയില്‍നിന്നും അകറ്റി. ഇരുവരും ചേര്‍ന്ന്‌ പാക്കിസ്ഥാനെ 100 കടത്തിയതോടെ കളി ഇന്ത്യയുടെ കയ്യില്‍നിന്ന്‌ വഴുതി. സ്കോര്‍ 133 ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഇന്ത്യക്കായത്‌. 58 റണ്‍സെടുത്ത യൂനിസ്ഖാന്‍ ദിന്‍ഡയുടെ പന്തില്‍ അശ്വിന്‌ പിടി നല്‍കുകയായിരുന്നു. പിന്നീടെത്തിയ മിസ്ബാ ഉള്‍ ഹഖിന്‌ തിളങ്ങാനായില്ല. 16 റണ്‍സെടുത്ത മിസ്ബ ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. എന്നാല്‍ ഷൊഐബ്‌ മാലിക്കും ജംഷെദും ചേര്‍ന്ന്‌ പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. സെഞ്ച്വറി നേട്ടത്തോടെയാണ്‌ ജംഷെദ്‌ മുന്നേറിയത്‌. 101 റണ്‍സെടുത്ത ജംഷെദ്‌ പുറത്താകാതെനിന്നു. മാലിക്ക്‌ 34 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി ഭുവനേഷ്കുമാര്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

മുനയൊടിഞ്ഞ ബൗളിംഗും നിലവാരമില്ലാത്ത ഫീല്‍ഡിംഗുമാണ്‌ ഇന്ത്യയെ പരാജയത്തിലേക്ക്‌ തള്ളിവിട്ടത്‌. സെഞ്ച്വറി നേടി ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ചെത്തിച്ച ധോണിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by