മെക്സികോ: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്‌ട്രീയ അഭയം തേടിയ വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ ആരോഗ്യ നില മോശമാകുന്നെന്ന് അസാന്‍ഞ്ജിന്റെ വക്കീല്‍ വെളിപ്പെടുത്തി. സ്വീഡനില്‍ ലൈംഗികാരോപണക്കേസില്‍ വിചാരണ നേരിടുന്ന അസാന്‍ഞ്ജിന്റെ കൈമാറ്റം ഒഴിവാക്കാനായാണ് എംബസിയില്‍ അഭയം തേടിയിരിക്കുന്നത്.
2010 ല്‍ അമേരിക്കയുടെ രഹസ്യ നയതന്ത്ര രേഖകളും ഇറാക്കിലെയും മറ്റും യുദ്ധരഹസ്യങ്ങളും വിക്കിലീക്സ് പുറത്ത് വിട്ടതോടെ അസാന്‍ഞ്ജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. സ്വീഡനില്‍ നേരിടുന്ന ലൈംഗികാരോപണം രാഷ്‌ട്രീയപ്രേരിതമാണെന്ന് അസാന്‍ജും ലോകമെമ്പാടുമുള്ള വിവരാവകാശ പ്രവര്‍ത്തകരും കരുതുന്നു. സ്വീഡനില്‍ നിന്നും ചാരവൃത്തിക്കേസില്‍ അസാന്‍ജിനെ വിട്ട്കിട്ടണമെന്ന അമേരിക്കന്‍ നിപാടില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് ഇക്വഡോര്‍ അസാന്‍ഞ്ജിന് രാഷ്‌ട്രീയ അഭയം പ്രഖ്യാപിച്ചിരുന്നു. എംബസിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ബ്രീട്ടീഷ് പോലീസ് അസാന്‍ഞ്ജിനെ കസ്റ്റഡിയില്‍ എടുക്കും. എംബസില്‍ പ്രവേശിക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ പിന്‍മാറുകയായിരുന്നു. എംബസി മുറിക്കുള്ളില്‍ ചെറിയ രീതിയിലുള്ള വ്യായാമ സംവിധാനങ്ങളും മറ്റുമായി കഴിയുന്ന അസാന്‍ഞ്ജിന് അധികകാലം എംബസിക്കുള്ളില്‍ തങ്ങാനാകില്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
















