ന്യൂദല്‍ഹി: താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലാല യൂസഫ് സായിയെ പാക്കിസ്ഥാന്റെ വിദ്യാഭ്യാസ ബ്രാന്‍ഡ് അംബാസിഡറാക്കും. പാക് വിദ്യാഭ്യാസ മന്ത്രി സര്‍ദാര്‍ ഷാജഹാന്‍ യൂസഫാണ് ദല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രതീകമാണ് മലാലയെന്ന് മന്ത്രി പറഞ്ഞു. മലാലയുടെ വിഷയത്തില്‍ വിവിധ രാജ്യങ്ങള്‍ നല്‍കിയ പിന്തുണയെ അനുമോദിക്കുന്നു. മലാലയുടെ ധൈര്യവും ആത്മവിശ്വാസവും അംഗീകരിക്കേണ്ടതാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഡിസംബര്‍ പത്തിന് യുനെസ്കോയുമായി സഹകരിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന സമ്മേളനം മലാലയുടെ പേരിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച പതിനഞ്ചുകാരിയായ മലാലയെ ഒക്ടോബര്‍ ഒമ്പതിനാണ് പാക് താലിബാന്‍ ഭീകരര്‍ വെടിവെച്ചത്. തലക്കും കഴുത്തിനും വെടിയേറ്റ മലാല ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്.
മലാലയ്‌ക്ക് ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ പത്തിന് മലാല ദിനമായി ആചരിക്കാനും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മലാലയ്‌ക്ക് സമാധാനത്തിനുളള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കെയാണ് വിദ്യാഭ്യാസ അംബാസിഡറാക്കുമെന്ന് പാക് മന്ത്രി അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മലാലയ്‌ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
സ്വാത് താഴ്‌വരയില്‍ താലിബാന്‍ ഭീകരരുടെ അഴിഞ്ഞാട്ടത്തെക്കുറിച്ച് മലാല എഴുതിയ ഡയറി ബിബിസി ഉറുദു ചാനല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മലാലയെക്കുറിച്ച് പുറംലോകം അറിയുന്നത്. സ്വാതിലെ താഴ്‌വര താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ മലാല പ്രതിഷേധിച്ചിരുന്നു. ഇതാണ് താലിബാന്‍ ഭീകരരെ ചൊടിപ്പിച്ചത്.
















