തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനിറങ്ങിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ശ്രമം ഉപേക്ഷിച്ചു. തമിഴ്നാട് പോലീസിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണിത്. സിപിഎം അനുമതിയില്ലാതെ പുറപ്പെട്ട അച്യുതാനന്ദനെ ഇന്നലെ രാവിലെ 10.30ന് ഓടെ തമിഴ്നാട് കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് പോലീസ് തടഞ്ഞത്. നാഗര്‍കോവില്‍ പോലീസ് സൂപ്രണ്ട് പ്രവേര്ശ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം തമിഴ്നാട് അതിര്‍ത്തിയിലും നെയ്യാറ്റിന്‍കര ഡിവൈഎസ്പി വൈ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ കേരള അതിര്‍ത്തിയിലും നിലയുറപ്പിച്ചിരുന്നു.
കൂടംകുളത്തേക്കു പോയാല്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നും അതിനാല്‍ വിഎസ് മടങ്ങണമെന്നും തമിഴ്നാട് പോലീസ് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.?തുടര്‍ന്ന് വിഎസ് യാത്ര ഉപേക്ഷിക്കുകയായിരുന്നു. പോലീസ് അഭ്യര്‍ഥന മാനിച്ചാണ് താന്‍ യാത്ര ഉപേക്ഷിച്ചത്. തമിഴ്നാട്ടില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ താല്പര്യമില്ലെന്നും വി.എസ് അറിയിച്ചു. കൂടംകുളം സമരം 400 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ അവിടെ സമരം ചെയ്യുന്ന ഉദയകുമാറിനും സംഘത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണു താന്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചതെന്നു അച്യുതാനന്ദന് പറഞ്ഞു. അതേസമയം, നേരിട്ടു ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവവിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്നും ഇന്ത്യ- അമേരിക്ക ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു.
വിഎസിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് രാവിലെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിരുന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായാണ് വിഎസ് കൂടുംകുളം യാത്ര തീരുമാനിച്ചത്. വിഎസ്സിന് അഭിവാദ്യം അര്‍പ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍നിര തന്നെ കളിയിക്കാവിളയിലെത്തി. അവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: