നമ്മളിലേക്കുതന്നെ ആണ്ടുമുങ്ങി, നമ്മളിലിരിക്കുന്ന ആ ജ്ഞാത്തൂമുത്തിനെ പ്രാപിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടതെങ്കില്‍, ബാഹ്യമായ ഇരിപ്പിന്റെയും ആസനത്തിന്റെയും ശ്വാസത്തിന്റെയും മറ്റും വിസ്താരങ്ങളില്‍ ഇത്രയൊക്കെ നിഷ്കര്‍ഷ വെക്കേണ്ടുന്ന ആവശ്യമെന്തെന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ശാസ്ത്രങ്ങളുടെ ഈ സാങ്കേതിക പദ്ധതിക്ക് പിന്നില്‍ അനിഷേധ്യമായ ഒരുയുക്തിവാദം ഉണ്ട്.
ആത്മീയലോകത്തിന്റെ പ്രവര്‍ത്തനത്തേയും സ്വഭാവത്തേയും പറ്റി ദാര്‍ശനികന്മാരായ ഋഷിമാര്‍ ഗവേഷണം നടത്തുന്നത് നമുക്ക് അറിയാം.
ഋഷിമാരുടെ ഈ മനോഭിലഷിതം കേവലം ആനുഷംഗികമായിരുന്നില്ല. അവരും ബാഹ്യലോകത്തില്‍ അതിന്റെ മൂലകാരണത്തെ തേടിക്കൊണ്ട് അക്ഷീണയത്നം ചെയ്തിരുന്നു. എന്നാല്‍ ഈ ദൃശ്യപ്രപഞ്ചഞ്ചത്തിന്റെ രഹസ്യം മുഴുവനും ഹൃദയത്തിന്റെ അന്തര്മണ്ഡലത്തിലാണ് കിടക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ആ ദാര്ശനികന്മാര് ഈ ഭൗതികലോകത്തിന്റെ പരമാര്‍ത്ഥത്തെ തേടിത്തിരയുകയായിരുന്നപ്പോള്, ഇന്നത്തെ പദാര്ത്ഥശാസ്ത്രജ്ഞന്മാരും രസതന്ത്രജ്ഞന്മാരും, ജന്തുശാസ്ത്രജ്ഞന്മാരും ചെയ്യുന്നതുപോലെ, കേവലപദാര്ത്ഥങ്ങളുടെയും പ്രാകൃതികസംക്ഷഭവങ്ങളുടേതുമായ ഈ സ്ഥൂല ജഗത്തിനെ വിശകലനം ചെയ്യുകയല്ല ചെയ്തത്. നേരെമറിച്ച് ബുദ്ധിജീവിയും ജീവലോകത്തില്‍ പ്രമുഖനായ മനുഷ്യജീവിയുടെ അടിസ്ഥാനത്തില്‍ ദൃശ്യപ്രപഞ്ചത്തെ പരിശോധിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കുകയാണ് വേണ്ടത്. മനുഷ്യനുമായി ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രം വല്ലൊരര്ത്ഥവും വിലയും ഉണ്ടെന്ന് പറയപ്പെടാവുന്ന വസ്തുക്കളുടെ ഒരു യഥാര്‍ത്ഥ ക്രമവിന്യസനം മാത്രമാണ് പുരാതന ഋര്ഷിമാര്ക്ക് പ്രപഞ്ചമെന്നത്.
അതുകൊണ്ട് സ്വാഭാവികമായും അവരുടെ ഗവേഷണം ദൃശ്യപ്രപഞ്ചത്തിലുള്ള മാനുഷികപ്രവര്‍ത്തനങ്ങളുടെ രംഗഭൂവിലായിരുന്നു നടത്തപ്പെട്ടത്. ഒരേ പ്രവര്‍ത്തനരംഗങ്ങളില്‍ രണ്ട് വിഭിന്ന വ്യക്തിത്വങ്ങള്‍ക്ക് ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ലെന്ന് സൂക്ഷ്മനിരീക്ഷണം കൊണ്ട് ബുദ്ധിശാലിയായ ഏതൊരു ഗവേഷകനും മനസ്സിലാക്കാന്‍ കഴിയുന്നതായിരിക്കും. മാനുഷികപ്രവര്‍ത്തനങ്ങളുടെ ഈ വൈരുദ്ധ്യമായിരുന്നു നമ്മുടെ ഋഷിമാര്‍ക്ക് ആദ്യമായി നേരിടേണ്ടതായും വിശകലനം ചെയ്യേണ്ടതായും വന്നിരിക്കുന്നത്.
പരീക്ഷണഫലമായി നമ്മുടെ പ്രവൃത്തികളെല്ലാം നമ്മുടെ വിചാരങ്ങള്ക്കനുസൃതമായിരുന്നുവെന്ന് അവര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. നമ്മുടെ വിചാരങ്ങളുടെ രീതിവിശേഷത്തിന്റെ വ്യക്തമായ വിപുലീകരണമാണ് നമ്മുടെ കര്‍മ്മങ്ങളുടെ സ്വഭാവത്തേയും ഗുണത്തേയും നിര്‍ണയിക്കുന്നത്. അങ്ങനെ നമ്മുടെ മാനസവിചാരങ്ങളടെ സ്ഥൂലപ്രകടനങ്ങളാണ് നമ്മുടെ ബാഹ്യപ്രവര്ത്തികളെല്ലാമെന്ന് അവര്‍ തീരുമാനിച്ചു. വിചാരങ്ങളില്‍ നിന്ന് തികച്ചും നാം അകന്നുനില്ക്കുകയാണെങ്കില്, പിന്നീട് നമ്മുടെ കര്‍മ്മങ്ങളെ ഇല്ലാതായിവരുന്നു. ഗാഢനിദ്രയില്‍ ഒരു കൊടുംകുറ്റവാളിയെപ്പോലും വല്ല കുറ്റവും ചെയ്യുന്നതായി കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല. അപ്രകാരം തന്നെ ശയ്യയില്‍ സുഖനിദ്രചെയ്യുന്ന ഋഷികല്പനായ ഒരു വ്യക്തിക്കുപോലും ലോകസേവ ചെയ്യുവാനും സാധിക്കുകയില്ല. അങ്ങനെ മനുഷ്യനിലെ വിചാരങ്ങളുടെ ഉറവിടത്തെപ്പറ്റി അനലസന്മാരുടെ നമ്മുടെ ഋഷിമാര്‍ അന്വേഷണം തുടര്‍ന്നു. തല്‍ഫലമായി, നമ്മിലുള്ള കാമനകളാണ് നമ്മുടെ വിചാരങ്ങളെ നേരില്‍ നിയന്ത്രിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. ചുട്ടുപൊള്ളുന്ന വിചാര ‘ലാവ’ പൊട്ടിയൊഴുകി ബാഹ്യപ്രവര്ത്തനങ്ങളായി രൂപം കൊള്ളുന്നത്, കാമകളാകുന്ന ഈ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നാണ്, കാമനകളുടെ രൂപവും ഗുണവുമാണ് നമ്മുടെ വിചാരങ്ങള്‍ക്ക് രൂപംകൊടുത്തത്. വിചാരങ്ങളാവട്ടെ, കര്‍മ്മങ്ങളായി പരിണമിക്കുകയും ചെയ്യുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: