പിതൃകര്‍മം ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതും ദേവസാന്നിദ്ധ്യം നല്കി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകര്‍മങ്ങള്‍ക്ക് ഉദകതര്‍പ്പണം (ജലതര്‍പ്പണം) സുപ്രധാനവും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് പുഷ്ടിപ്രദവും ആയതുകൊണ്ട് സമൃദ്ധിയാര്‍ന്ന കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകര്‍മങ്ങള്‍ക്ക് മഹത്വമേകുന്ന സ്ഥാനങ്ങളായത്. കേരളത്തില്‍, തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കല്‍ തുടങ്ങിയ പ്രധാന പിതൃബലി കേന്ദ്രങ്ങളാണ്.
ചന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ് മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുക്കള്‍ വ്യക്തമാക്കുന്നു. ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രന് ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമല്ലാത്തഭാഗത്ത് സൂര്യരശ്മികിട്ടും ഭൂമിയില്‍ ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് പിതൃക്കള്‍ അമാവാസി നാളില്‍ സൂര്യരശ്മി ചന്ദ്രോപരി ഏറ്റ് നിര്‍വൃതരാകുന്നു എന്ന് കൂര്‍മപുരാണം പറയുന്നു. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്ന് വിശ്വാസം.
പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കിടക അമാവാസി. ചന്ദ്രമാസങ്ങളില്‍ ചിങ്ങം മുതല്‍ 13-ാമത്തെ അമാവാസിയാണ് കര്‍ക്കടകവാവ്.
ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്ത് മേരുപര്വതമെന്നും ദേവന്മാര് മേരുനിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കര്‍ക്കടക അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കി ക്കാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായനവേളയില്‍ തുലാവിഷുദിവസം ഭൂമദ്ധ്യരേഖയ്ക്ക് നേരെയാണ് ഉദയം. ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന്നുതാഴേയാവും തുടര്‍ന്നുള്ള ദക്ഷിണായന ദിനങ്ങളില്‍ സൂര്യോദയം. അപ്പോള്‍ ഉത്തരധ്രുവീയര്ക്ക് സൂര്യദര്‍ശനം സാദ്ധ്യമല്ലാതെ വരുന്നു. അഥവാ തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ ഉത്തരധ്രുവത്തില്‍ രാത്രിയാണ്.
മേടവിഷുദിനത്തില്‍ ദേവന്മാര് സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷുമുതല്‍ തുലാവിഷുവരെ ഉത്തരധ്രുവത്തില്‍ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് 3 മാസം കഴിഞ്ഞാലാണ് അവിടെ മദ്ധ്യാഹ്ന സമയം. മേട സംക്രമശേഷം 3 മാസം കഴിയുക എന്നുവച്ചാല്‍ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ക്കിടകമാസം ആയി. അതായത് കര്‍ക്കിടകമാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ദക്ഷിണ സ്വീകരണത്തിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷിക ദിവസമായിത്തീരുന്നു കര്‍ക്കിടകമാസ അമാവാസി പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്തുവാന്‍ ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല.
ബലിയര്‍പ്പിച്ച് അന്നം സ്വീകരിച്ചുകൊണ്ട് ഭൂതവര്‍ഗവും ബലികര്‍മത്തില്‍ തൃപ്തരാകുന്ന മനുഷ്യവര്ഗ്ഗഗവും, തങ്ങള്‍ നല്കിയ സങ്കല്‍പ്പങ്ങളും മന്ത്രങ്ങളും ലോകയശസ്സിനായി ഉപയുക്തമായാല് ഋഷിവര്ഗവും പിതൃദേവവര്ഗങ്ങളോടൊപ്പം സന്തുഷ്ടരായിത്തീരുന്നു. ഭാരത്തിന് ചിരപുരാതനമായ കര്‍മഭൂമി എന്ന വിശേഷണത്തിന്റെ സാര്ത്ഥതയ്ക്ക് അടിവരയിടുന്ന ഒന്നാണ് പിതൃലോകസ്മരണ പുതുക്കി ക്കൊണ്ടെത്തുന്ന കര്‍ക്കടക അമാവാസി.
ഇതുകൊണ്ടാണ് ലോകത്തില്‍ മറ്റുനിരവധി സംസ്കാരങ്ങളും കാലത്തിന്റെ കുത്തൊഴുക്കില്‍ നശിച്ചുപോയെങ്കിലും ഹിന്ദുധര്‍മം അഥവാ ഹിന്ദുസംസ്കാരം ഇന്നും നിലനില്ക്കുന്നതും ഭാരതത്തില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്കും പ്രചരിക്കുന്നതും.
– പണിക്കത്ത് അപ്പു നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: