ഓങ്കാരത്തിന്റെ സവിശേഷത അത്യന്തം അഗാധവും വ്യാപകവുമാകുന്നു. ആത്മസാക്ഷാത്കാരത്തിന്ന് ജപധ്യാനങ്ങളില്‍ ഓങ്കാരം എത്ര വെളിച്ചം തരുന്നു എന്ന് മനസ്സിലാക്കേണ്ടത് നമ്മുടെ അദ്ധ്യാത്മജീവിതത്തിലാവശ്യമാണ്. സാധാരണയായി അത് അഖണ്ഡവും അനന്തവുമായ അരൂപസത്യത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഏതു സ്വരൂപദേവതയുടെ കാര്യത്തിലും അതൊരു പ്രതീകമായുപയോഗിക്കാം. എല്ലാ പുണ്യകര്‍മ്മങ്ങളിലും പ്രാര്‍ത്ഥനകളിലും അതുപയോഗിക്കുന്നു. അതത്ര പുണ്യമാണ്. എന്നാല്‍ സാധാരണയായി ഈശ്വരന്റെ ഓരോ പ്രത്യേകരൂപത്തിന്നും സ്വന്തമായ വാചികപ്രതീകം-മന്ത്രം-ഉണ്ട്. ചിലപ്പോള്‍ ഗൂഢമായ ഒരു ബീജമുണ്ടാവും.
സംസ്കൃതത്തില്‍ ശബ്ദത്തിന് വെറും ശബ്ദമെന്നും വാക്കെന്നും അര്‍ത്ഥമുണ്ട്. നാം സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നത് വൈഖരി അതായത്, ശബ്ദത്തിന്റെ സ്ഥൂലരൂപമാണ്. അതുണ്ടാവുന്നത് ശബ്ദപേശികളുടെയും നാവിന്റെയും മറ്റും ചലനംകൊണ്ടാണ്. ചിന്താപ്രക്രിയയുടെ ഫലമായി ഉണ്ടാവുന്ന വാക്ക് അതിന്നുപിന്നില്‍ നില്ക്കുന്നു. ഇതാണ് മദ്ധ്യമാ എന്ന ശബ്ദം.ചിന്തതന്നെ പശ്യന്തി എന്നു പറയുന്ന കൂടുതല്‍ സൂക്ഷമമായ ഒരു സ്പന്ദനത്തിന്റെ ഫലമാണ്.
അതുദ്ഭവിക്കുന്നത് അവ്യക്തമായ ശബ്ദബ്രഹ്മത്തില്നിന്നാണ്. ശബ്ദത്തിന്റെ ഈ അവസ്ഥയെ പരാ എന്നുപറയുന്നു. അപ്പോള്‍ മനുഷ്യന്റെ ചിന്താമണ്ഡലം പരാ, പശ്യന്തി, മദ്ധ്യമാ, വൈഖരി എന്നിങ്ങനെ പരന്നിരിക്കുന്നു. നാം നമ്മുടെ അന്തര്ലോകത്തെപ്പറ്റി എത്ര കുറച്ചേ ചിന്തിക്കുന്നുള്ളൂ. എത്ര ശ്രദ്ധയില്ലാതെയാണ് നാം ചിന്തിക്കുന്നതും സംസാരിക്കുന്നതും. ചിന്തിക്കുന്നത് ഒരു ചലനാത്മപ്രക്രിയയാണ്; അവ്യക്തമായ ഒരു സൂക്ഷമസ്ഥാനത്തുനിന്നാണ് അതുദിക്കുന്നത്. തെറ്റായ ചിന്ത ആഴത്തില്‍ പ്രവര്‍ത്തിച്ച് നമ്മുടെ ശരീരത്തെയും മനസ്സിനെയും ആകെ ബാധിക്കുന്നു. അതേപോലെ, നല്ല ചിന്തകള്‍ നമ്മുടെ വ്യക്തിത്വത്തെ കൂടുതല്‍ നന്നാക്കുന്നു.
സാധാരണചിന്തയില് നമുക്ക് നമ്മുടെ മനസ്സിന്റെ ആദ്ധ്യാത്മികമായ അടിത്തട്ടിനെക്കുറിച്ച് ബോധമില്ല. എന്നാല്‍ മന്ത്രങ്ങളെന്ന പ്രത്യേക വാക്സമൂഹങ്ങള് നമ്മെ ആ തലത്തിലേയ്ക്കു നയിക്കുന്നു. മന്ത്രജപംകൊണ്ടും അര്ത്ഥഭാവനകൊണ്ടും നാം ബോധത്തിന്റെ സൂക്ഷമതലങ്ങളിലെത്തിച്ചേരുകയും കൂടുതല്‍ കൂടുതലുയര്‍ന്ന ആദ്ധ്യാത്മികാനുഭൂതികളാല് അനുഗൃഹീതരാവുകയും ചെയ്യുന്നു. ശരിയായ ജപംകൊണ്ട് പ്രത്യക്ഷത്തില്‍ ജീവനില്ലെന്നു തോന്നുന്ന ശബ്ദങ്ങള്‍ സജീവമായി അതിയായ ശക്തിയാര്‍ജ്ജിക്കുന്നു. എല്ലാ മന്ത്രങ്ങളിലും ഈ മന്ത്രചൈതന്യമുണ്ട്. ആദ്ധ്യാത്മികമായി ഉയര്‍ന്ന ഒരാള്‍ അതു ജപിക്കുമ്പോള്‍ അത് ശക്തിയാര്‍ന്ന് സജീവമാവുന്നു. അദ്ദേഹം ഒരു ശിഷ്യന്ന് മന്ത്രം കൊടുത്താല്‍ ഈ ശക്തിയും അതോടെ പകരുന്നു. നിഷ്ഠയായി അദ്ധ്യാത്മികസാധന ചെയ്യുകയും ശുദ്ധജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ മന്ത്രചൈതന്യം ഉണര്‍ത്താന്‍ സാധിക്കൂ.
മനനംകൊണ്ടു രക്ഷിക്കുന്നത് എന്നാണ് മന്ത്രശബ്ദത്തിന്നതര്ത്ഥം. മന്ദബുദ്ധികള്‍ക്ക് അതൊരു വാക്കോ വാക്സമൂഹമോ മാത്രമാണ്. എന്നാല്‍ ഉയര്‍ന്ന സാധകന്ന് അത് അഗാധാനുഭൂതികള് നല്കുന്ന മഹാശക്തിയാര്‍ന്ന് സാന്ദ്രചിന്തയാണ്. ശരിയായ മന്ത്രജപംകൊണ്ട് പരമമായ ജ്ഞാനവും മുക്തിയും പ്രാപിക്കും. ശബ്ദാനുസന്ധാനംകൊണ്ട് യോഗി ഈശ്വരരൂപങ്ങള്‍ ദര്‍ശിക്കുകയും പിന്നെ ശബ്ദസ്പന്ദനങ്ങളെയെല്ലാം അതിക്രമിച്ചു പരമാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നു. മന്ത്രങ്ങള്‍ പലതരമാണ്. ഏറ്റവും പുരാതനവും പ്രസിദ്ധവുമായൊരു മന്ത്രമാണ് ഗായത്രി. ശിവന്റെ സുപ്രസിദ്ധമായ മന്ത്രമാണ നമഃശിവായ. വിഷ്ണുവിന്റെ ഒരു പ്രസിദ്ധ മന്ത്രമാണ് നമോ നാരായണായ. ഹരേ രാമ മന്ത്രവും ശ്രീരാം ജയരാം ജയജയരാം എന്നതും ലക്ഷക്കണക്കി്ന് ഹിന്ദുക്കള്‍ ജപിക്കുന്നു. ഇവയെല്ലാം അസംഖ്യം പുണ്യാത്മാക്കളുടെ ജീവിതവും അനുഭവവുമായി ബന്ധപ്പെട്ടവയാണ്. ശരിയായി ജപിച്ചാല്‍ ഓരോ മന്ത്രവും സാധകനില്‍ ചില വിശേഷ സ്പന്ദനങ്ങളുളവാക്കി ധ്യേയമായ ദേവതയെ അവസാനം കാണിച്ചുതരുന്നു. താന്ത്രികസമ്പ്രദായത്തില്‍ മന്ത്രങ്ങളെ രഹസ്യമാക്കിവെയ്ക്കുന്നു. ഗുരുവില്‍നിന്ന് മന്ത്രം ലഭിക്കുന്ന ശിഷ്യന് അതിനെ രഹസ്യമാക്കിവെച്ച് അടുത്ത ബന്ധുക്കള്‍ക്കുപോലും അതു വെളിപ്പെടുത്താതിരിക്കുന്നു. ഈ മന്ത്രങ്ങളില്‍ ബീജമെന്നു പേരായി ഒരു പ്രത്യേക ശബ്ദമുണ്ട്. അത് ആ മന്ത്രദേവതയുടെ പ്രത്യേകശക്തിയെ കാണിക്കുന്നു. അത് നമ്മില്‍ ആ ദേവതയുടെ സര്ഗ്ഗാത്മശക്തിയുണര്ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: