വൃക്ഷങ്ങളുടെ രാജാവാണ് അരയാല്‍. അശ്വത്ഥം, ബോധിദ്രുമം, പിപ്പലം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന അരയാല്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഒരുപോലെ ഒരു പുണ്യവൃക്ഷമാണ്. ശ്രീബുദ്ധന് ജ്ഞാനോദയമുണ്ടായത് ബോധിവൃക്ഷച്ചുവട്ടില്‍വെച്ചാണെന്നതു പ്രസിദ്ധമാണ്. ശിവന്റെ ഒരു ഭാവമായ ദക്ഷിണാമൂര്‍ത്തി പേരാല്‍ച്ചുവട്ടില്‍ ദക്ഷിണാഭിമുഖമായിരുന്ന് ഏവര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നതായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ ആലിന്റെ ജ്ഞാനകാരത്വത്തെ സൂചിപ്പിക്കുന്നുണ്ട്. അരയാല്‍ അനശ്വരവൃക്ഷമാണെന്നാണു വിശ്വസം. വൃക്ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പടര്‍ന്നുപന്തലിക്കുന്നതും അരയാല്‍തന്നെ. ഇത് പരമാത്മാവിന്റെ ധര്‍മ്മമായ സര്‍വ്വവ്യാപിത്വത്തെയും അമരത്വത്തെയും സൂചിപ്പിക്കുന്നതായി സ്വാമി ചിന്മയാനന്ദന് അഭിപ്രായപ്പെടുന്നുണ്ട്. അശ്വസ്തഃസര്‍വ്വവൃക്ഷാണം എന്ന് ഭഗവത്ഗീത പറയുന്നുണ്ട്. വൃക്ഷങ്ങളില്‍ അശ്വത്ഥമാണ് താനെന്നാണ് ഇവിടെ ശ്രീകൃഷ്ണന് അരുളിച്ചെയ്യുന്നത്. ഈ പ്രപഞ്ചത്തെ, മുകളില്‍ വേരുകളോടുകൂടിയതും കീഴില്‍ ശാഖകളോടുകൂടിയതും അഴിവില്ലാത്തതുമായ അരയാലായും ഭഗവത്ഗീത ചിത്രീകരിക്കുന്നു. കഠോപനിഷത്തിലും സമാനമായ രൂപകല്‍പനയുള്ളത് ഇവിടെ സ്മരണീയമാണ്. അരയാലിന്റെ മഹത്വത്തെയാണ് ഇതൊക്കെ വെളിവാക്കുന്നത്.
ഇടിമിന്നല്‍ മൂലം ഭൂമിയിലേക്കുവരുന്ന വൈദ്യുത പ്രവാഹത്തെ പിടിച്ചെടുത്ത് സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള കഴിവ് അരയാലിനുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും മറ്റും സമീപത്ത് അരയാല്‍ നട്ടുവളര്‍ത്തുന്നത് അതുകൊണ്ടാവാം. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാനുള്ള അരയാലിന്റെ കഴിവും പ്രസിദ്ധമാണ്.
മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ
അഗ്രത ശിവരൂപായ വൃക്ഷരാജായ തേ നമഃ
എന്ന പ്രാര്‍ത്ഥനാശ്ലോകത്തില്‍ അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും കുടികൊള്ളുന്നതായി സൂചിപ്പിച്ചിരിക്കുന്നു. സര്‍വ്വദേവതകളും അശ്വത്ഥത്തില്‍ കുടികൊള്ളുന്നുവെന്നും വിശ്വാസമുണ്ട്. ശനിയാഴ്ചകളില്‍ അരയാല്‍പ്രദക്ഷിണത്തിന് ദിവ്യത്വം കല്‍പിക്കപ്പെടുന്നതിനെപ്പറ്റി ഒരു കഥയുണ്ട്. പാലാഴിമഥനത്തില്‍ ജ്യേഷ്ഠാഭഗവതി അഥവാ അലക്ഷ്മി ഉയര്‍ന്നുവന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആ ദേവതയെ കാണുകയും അശ്വത്ഥവൃക്ഷത്തിന്റെ മൂലത്തില്‍ വസിച്ചുകൊള്ളാന്‍ അവര്‍ അലക്ഷ്മിയോട് നിര്‍ദ്ദശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാന്‍ അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാല്‍ ശനിയാഴ്ച മാത്രമേ അശ്വത്ഥത്തെ സ്പര്‍ശിക്കാന്‍ പാടുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. അരയാല്‍ച്ചുവട്ടില്‍ വെച്ച് അസത്യം പറയുകയോ അശുഭകര്‍മ്മങ്ങള്‍ ചെയ്യുകയോ പാടില്ല എന്നാണു കരുതപ്പെടുന്നത്. അരയാല്‍ ഉണങ്ങിയോ വേരറ്റോ നിലംപതിച്ചാല്‍ അതിനെ മറ്റുപയോഗങ്ങള്‍ക്ക് എടുക്കാതെ യഥാവിധി മനുഷ്യന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലെ സംസ്കരിക്കുക ചിലയിടങ്ങളില്‍ പതിവാണ്. വേപ്പ് അരയാലിന്റെ പത്നിയാണെന്നാണു സങ്കല്പം. അരയാലും വേപ്പും അടത്തടുത്ത് ക്ഷേത്രങ്ങളില്‍ നട്ടുവളര്‍ത്തുന്നത് അതിവിശേഷമായി കരുതിവരുന്നു.
ഏഴരശനി, കണ്ടകശനി തുടങ്ങിയവയുള്ളപ്പോഴും ശനിദശാകാലത്തും ദോഷശാന്തിയ്ക്കായി അരയാല്‍ പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ് വിധി.
യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം
എന്ന പ്രാര്‍ത്ഥനയോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്. ശനിയാഴ്ച വെളുപ്പിനു നടത്തുന്ന അരയാല്‍ പ്രദക്ഷിണത്തിനും മഹത്വം കൂടുതലുണ്ട്. കന്യകകളുടെ ജാതകത്തില്‍ മംഗല്യദോഷമുണ്ടെങ്കില്‍ അതിന്റെ ശാന്തിയ്ക്കായി അശ്വത്ഥവിവാഹം നടത്തുന്ന പതിവുണ്ട്. അശ്വത്ഥത്തെ മഹാവിഷ്ണുവായി സങ്കല്പിച്ച് മന്ത്രപൂര്‍വ്വം കന്യകയെ വിവാഹം കഴിച്ച് ഭാവിവരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.അശ്വത്ഥത്തെ ശ്രീനാരായണനായി സങ്കല്പിച്ച് അശ്വത്ഥനാരായണപൂജ ചെയ്യുന്നതുമൂലം ആരോഗ്യം, ഐശ്വര്യം, സദ്സന്താനലബ്ധി എന്നിവ കൈവരുന്നു. ശനിദോഷശാന്തിക്ക് അശ്വത്ഥനാരായണപൂജയും നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: