ബ്രഹ്മചര്യം ഭാരതീയരെ സംബന്ധിച്ചിടത്തോളം സുപരിചിതമായ വാക്കാണ്. പക്ഷേ, ധാരണം അബദ്ധധാരണകളും നമുക്ക് ബ്രഹ്മചര്യത്തെക്കുറിച്ചുണ്ട്. ഗുരുമുഖത്തുനിന്ന്, ഗ്രന്ഥങ്ങളില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്ന് ഒക്കെകിട്ടുന്ന വിജ്ഞാനമാണ് ബ്രഹ്മചാരിക്ക് ഭാവിജീവിതം കൊണ്ടു നടക്കാന്‍ വേണ്ട ശേഷി പ്രദാനം ചെയ്യുന്നത്. ജീവിതത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന ഒരു വ്യക്തിയാണല്ലോ ഈ വിദ്യാര്‍ത്ഥി. നീണ്ട 25 കൊല്ലത്തോളം കിട്ടുന്ന സമയം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനുവേണ്ടി വിനിയോഗിക്കുന്നു. ഒരിക്കലും ഒരു വിജ്ഞാനിക്കും സംശയം തോന്നാന്‍ പാടില്ല. അതുകൊണ്ട് ഭാരതപാരമ്പര്യത്തില്‍പ്പെട്ട എല്ലാ വിദ്യകളും ഒരു വിദ്യാര്‍ത്ഥിക്ക് അഭ്യസിക്കേണ്ടതായിട്ടുണ്ട്. വേദോച്ചാരണം, മന്ത്രങ്ങള്‍, ഈശ്വരപൂജ, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെ പാണ്ഡിത്യം, സംഗീതം, നൃത്തം, നാട്യം, ചിത്രരചന എന്നീ കലാസൃഷ്ടികള്‍, ജ്യോതിഷം, വൈദ്യം, തര്‍ക്കം തുടങ്ങിയ ശാസ്ത്രങ്ങള്‍ അങ്ങിനെ നീണ്ടുപോകുന്നു പട്ടിക. ഇതെല്ലാം അഭ്യസിക്കുന്നത് ഗുരുമുഖത്തു നിന്നായിരിക്കും. ഇടയ്ക്കിടയ്ക്ക് പരിശോധിക്കേണ്ടുന്ന കാര്യമാണെങ്കില്‍ ആ വിഷയം പകര്‍ത്തിയ സ്വന്തം ഗ്രന്ഥമുണ്ടായിരിക്കും. ഒരു 50കൊല്ലം മുമ്പുവരെ മാഘവും, രഘുവംശവും മറ്റും മനഃപാഠം ചൊല്ലാന്‍ കഴിയുന്നവരും ജ്യോതിഷത്തിലും വൈദ്യത്തിലും അത്യാവശ്യം അറിവുനേടിയവരും ആയ ഒരുപാട് വ്യക്തികളുണ്ടായിരുന്നു. ഇന്നവരുടെ തലമുറ ഈ പാരമ്പര്യം ഉപേക്ഷിച്ചതിനാല്‍ ചെറുതായിക്കൊണ്ടിരിക്കുകയാണ്. നമുക്കിടയില്‍ ഒരു തെറ്റിദ്ധാരണ പണ്ടേ കടന്നുകൂടിയിട്ടുണ്ട്. ബ്രഹ്മചാരി എന്നാല്‍ അവിവാഹിതനായിരിക്കണമെന്ന സങ്കല്പം ഈ വിശ്വാസം പക്ഷേ, ബ്രഹ്മചര്യവുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ല. ഗൃഹസ്ഥനും, വാനപ്രസ്ഥിക്കും, സന്യാസിക്കുമൊക്കെ ഒരുപോലെ ബാധകമാണ് ബ്രഹ്മചര്യം. സാക്ഷാല്‍ പരബ്രഹ്മത്തെക്കുറിച്ചുള്ള ചിന്തയാണിവിടെ ഉദ്ദേശം. അപ്പോള്‍ ഒരു ചോദ്യം, ഗൃഹസ്ഥന് എങ്ങിനെ ബ്രഹ്മചാരിയാകും? തീര്‍ച്ചയായും ഏതു ഗൃഹസ്ഥനും ബ്രഹ്മചാരിയാകാം.
അതേസമയത്ത് ഭാര്യയും കുട്ടികളുമുണ്ടാകാം. പക്ഷേ, അത്തരം ഗാര്‍ഹിക കാര്യങ്ങളില്‍ ബ്രഹ്മചാരിയായ ഗൃഹസ്ഥന് താല്പര്യം കാണിക്കുകയില്ല. അല്ലെങ്കില്‍ പുത്രോല്പാദനം നടത്തുകയില്ല എന്നേ അര്‍ത്ഥമുള്ളൂ. വാനപ്രസ്ഥക്കാരനും ഒറ്റയ്ക്കാണീ ജീവിതം എന്നൊക്കെ ചിലര്‍ ധരിച്ചിരിക്കുന്നു. ഈ ധാരണയും ശരിയല്ല. വാനപ്രസ്ഥജീവിതം കളത്രത്തോടുകൂടി തന്നെയാകാം. ശാസ്ത്രം ഒരിക്കലും നിഷേധിക്കുന്നില്ല. അതവിടെ നില്ക്കട്ടെ. ബ്രഹ്മചാരിയുടെ ധര്‍മ്മത്തെപ്പറ്റിയാണ് നമ്മുടെ ചിന്ത. എന്തിനാണ് വിജ്ഞാനം നേടുന്നത്? സ്വാര്‍ത്ഥത്തിനോ, സാമൂഹ്യസേവനത്തിനോ കലികാലമായ ഇന്നു നാം കാണുന്നത് ജീവന് രക്ഷിക്കാന്‍ ചുമതലപ്പെട്ട ഡോക്ടര്‍ ആദ്യം കണക്കുപറഞ്ഞു കാശുവാങ്ങുന്ന ചിത്രമാണ്. എന്നിട്ട് ചികില്സിക്കുന്നു. എന്നാല്‍ പുരാതന ഭാരതത്തില്‍ വിജ്ഞാനം വില്‍ക്കാനുള്ളതായിരുന്നില്ല. ഭക്ഷ്യവസ്തുക്കളും വിറ്റ് കാശുണ്ടാക്കാറില്ല. അങ്ങനെ രാഷ്ട്രീയവും സാമൂഹികവും ഗാര്‍ഹികവുമായ ഏത് അടിയന്തിരാവസ്ഥയേയും നേരിടാന്‍ വേണ്ട വിജ്ഞാനം ഓരോ ബ്രഹ്മചാരിയും നേടിയിരിക്കും. ജീവിതത്തിന്റെ നാനാതുറകളിലും പ്രയോഗിക്കേണ്ടിവരുന്ന ഈ വിജ്ഞാനം ഓരോ വിദ്യാര്‍ത്ഥിയെയും ഹൃദിസ്ഥമാക്കിയിരിക്കും. ചുരുക്കത്തില്‍ സാമൂഹ്യജീവിതത്തിന് ആവശ്യമായ എല്ലാ ക്വാളിഫിക്കേഷനും അവര്‍ക്കുണ്ടായിരിക്കും.
ബ്രഹ്മചാരി ജപിക്കുന്ന മന്ത്രങ്ങളും പിന്തുടരുന്ന ആചാരങ്ങളും ഒരിക്കലും സ്വര്‍ത്ഥമല്ല. പ്രാചീന ഭാരതത്തിലെ ആരും തന്നെ സ്വാര്‍ത്ഥം എന്ന വാക്ക് കേട്ടിരിക്കാനിടയില്ല. എല്ലാവര്ക്കും ഒന്നേ ലക്ഷ്യമുള്ളൂ – ജനക്ഷേമം എല്ലാവരും അതിനുവേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറാണ്. അവിടെ എല്ലാ വ്യക്തികളും സ്വധര്‍മ്മമനുഷ്ഠിക്കുമ്പോള്‍ രാജാവിന്റെയോ ഉദ്യോഗസ്ഥന്മാരുടെയോ ആവശ്യം വരുന്നില്ല. ഗവണ്മെന്റുകള് കൊഴിഞ്ഞുവീഴുന്ന ഒരവസ്ഥ ഭാവിയിലുണ്ടാകുമെന്ന് കാറല്‍ മാര്‍ക്സ് കണ്ട സ്വപ്നം ഭാരതത്തില്‍ ഒരു യാഥാര്‍ത്ഥ്യമായി പണ്ട് നിലനിന്നിരുന്നു.
പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്ക്കുന്ന ബ്രഹ്മചാരികള്‍ ദേഹശുദ്ധിവരുത്തി, ഇഷ്ടദേവതകളേയും, പരദേവതകളേയും വന്ദിച്ച്, ഗുരുവിനെ സമീപിച്ച്, ആചാര്യവന്ദനവും കഴിച്ച് തനിക്കു പഠിക്കാനുള്ള പാഠങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങുന്നു.ഇതില്‍ ആരുടെയോ നിര്‍ബന്ധമോ, പ്രേരണയോ, ശിക്ഷയോ ബലമോ ലവലേശംപോലുമില്ല. സ്വയം പഠിക്കുകയും ഗുരുവിനോട് ചോദിച്ച് സംശയം തീര്‍ക്കുകയും ചെയ്തുകൊണ്ട് മദ്ധ്യാഹാനം വരെ ശിഷ്യന് പഠിക്കുന്നു. ഉച്ചഭക്ഷണവും കഴിഞ്ഞ് തനിക്കായി നീക്കിവച്ചിരിക്കുന്ന ഗൃഹജോലികളില്‍ പ്രവേശിക്കുന്നു. അത് മിക്കവാറും സന്ധ്യാസമയംവരെയാകാം. ജോലികളെന്തൊക്കെയാണെന്ന് ആചാര്യനോ ആചാര്യപത്നിയോ പറയാറില്ല. സ്വയം കണ്ടെറിഞ്ഞു ചെയ്യുകയാണ് പതിവ്.
നീലകണ്ഠന് നമ്പൂതിര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: