ന്യൂദല്‍ഹി: വീണ്ടുമൊരിയ്‌ക്കല്‍ കൂടി എന്‍ഡിഎ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച് യശ്വന്ത് സിന്‍ഹ. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒന്നും മിണ്ടാത്ത റബ്ബര്‍ സ്റ്റാമ്പായിരിക്കും ദ്രൗപദി മുര്‍മുവെന്ന് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് നടത്തിയ അഭ്യര്‍ത്ഥനയില്‍ യശ്വന്ത് സിന്‍ഹ ആരോപിച്ചു.
ഒരാഴ്ച മുന്‍പും യശ്വന്ത് സിന്‍ഹ ഇതിന് സമാനമായ രീതിയില്‍ ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ചിരുന്നു. റബ്ബര്‍ സ്റ്റാമ്പായ രാഷ്‌ട്രപതിയാകില്ലെന്ന് ഉറപ്പ് തരാന്‍ മുര്‍മു തയ്യാറാകണമെന്നായിരുന്നു അന്നത്തെ യശ്വന്ത് സിന്‍ഹയുടെ വാദം.
ഇതിനെതിരെ അന്ന് സമൂഹമാധ്യമങ്ങളില്‍ യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദിവാസി ഗോത്രവിഭാഗത്തിലെ ഒരു വനിതയ്‌ക്ക് കഴിവോടെ ഭരിയ്‌ക്കാന്‍ സാധിക്കില്ലെന്ന യശ്വന്ത് സിന്‍ഹയുടെ മുന്‍വിധിയാണ് ഇത്തരമൊരു അധിക്ഷേപത്തിന് പിന്നിലെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം.
എന്തായാലും ദ്രൗപദി മുര്‍മു രാഷ്‌ട്രപതിയാകുമെന്ന് ഏതാണ്ടുറപ്പായി. 60 ശതമാനത്തിലധികം വോട്ടുകള്‍ അവര്‍ ഉറപ്പിച്ചുകഴിഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അംഗമല്ലാത്ത ബിജെഡി, വൈഎസ് ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ജെഡിഎസ്, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ 60 ശതമാനത്തില്‍ അധികം വോട്ട് ഉറപ്പാക്കി ജയിക്കുമെന്ന നിലയിലാണ് ദ്രൗപദി മുര്‍മു. ജൂലായ് 18നാണ് രാഷ്ട്പതി വോട്ടെടുപ്പ്.
കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍, ആര്‍ജെഡി, സിപിഎം, ആം ആദ്മി പാര്‍ട്ടി, തെലുങ്കാന രാഷ്‌ട്രസമിതി എന്നിവയാണ് യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടികള്‍. അതില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലും ഭിന്ന സ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പുറമെ ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പാര്‍ട്ടി നോക്കാതെ തന്നെ ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: