ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ നടപടികളും ഭൂമിയേറ്റെടുക്കലും ഉടന്‍ നിര്‍ത്തിവെച്ച്, പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി നേതൃസംഘത്തോടൊപ്പം കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചശേഷം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ദേശീയ നിര്‍വ്വാഹകസമിതി അംഗം മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരാണ് നേതൃസംഘത്തിലുണ്ടായിരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയെകുറിച്ചുള്ള സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക സംഘം റെയില്‍വെ മന്ത്രിയെ അറിയിച്ചു.
ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ ജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ ചെറുത്തുനില്‍പ്പ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് കെ. സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സില്‍വര്‍ലൈനിനെ അനുകൂലിച്ച് നിലപാട് മാറ്റിയത് ജനങ്ങളെ വഞ്ചിക്കലാണ്. കോണ്‍ഗ്രസ് യു ടേണ്‍ സ്വീകരിച്ചതിന് പിന്നില്‍ അവരുടെ ദേശീയ നേതൃത്വത്തിന്റെ താത്പര്യമാണ്.
പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച വേഗം കൂടിയ വന്ദേഭാരത് ട്രെയിനുകളില്‍ കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായും സിഗ്‌നല്‍ നവീകരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ നിലപാടാണ് മന്ത്രിക്കുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി പ്രതിനിധി സംഘത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: