കൊച്ചി: രാജ്യത്തെ മുഴുവന്‍ വീടുകളും സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്ന, പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര് ഘര്‍ യോജന – സൗഭാഗ്യ പദ്ധതിക്കു പുറമേ എല്ലാവര്ക്കും വീടെന്ന പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) കേരളത്തില്‍ വന്‍ വിജയമാകുന്നു. കേരളത്തിലെ 98,13,032 വീടുകളിലും വൈദ്യുതിയെത്തിച്ചു കഴിഞ്ഞു. കേരളത്തിലേതുള്‍പ്പെടെ അടുത്ത വര്‍ഷം മാര്‍ച്ചോടെ 112.2 ലക്ഷം വീടുകള്‍ നിര്‍മിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി അടുത്ത കേന്ദ്ര ബജറ്റില്‍ പ്രത്യേക തുക വകയിരുത്തുമെന്നാണ് സൂചനകള്‍.
കേന്ദ്ര സര്‍ക്കാര്‍ 2,35,737 (രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരത്തി എഴുനൂറ്റി മുപ്പത്തേഴ്) കോടി രൂപയാണ് എല്ലാവര്ക്കും വീട് പദ്ധതിക്ക് നീക്കി വച്ചിരിക്കുന്നത്. 2015 മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിക്ക് ബജറ്റുകളില്‍ 1,75,737 (ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി എഴുനൂറ്റി മുപ്പത്തേഴ്) കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ, ബജറ്റ് വിഹിതമല്ലാതെ, നാഷണല്‍ അര്‍ബന്‍ ഹൗസിങ് ഫണ്ട് (എന്യുഎച്ച്എഫ്) 60,000 ലക്ഷം കോടി രൂപ വേറെയും നീക്കി വച്ചിട്ടുണ്ട്. ഈ ബജറ്റിലും ആവാസ് യോജനയ്ക്ക് പ്രത്യേക വിഹിതം ഉണ്ടാകുമെന്നാണ് വിവരം.
രാജ്യ വ്യാപകമായ ഈ വന്‍ പദ്ധതിയാണ് കേരളത്തില്‍ ലൈഫ് മിഷനായി, സംസ്ഥാനത്തിന്റെ പ്രാദേശിക പാര്‍പ്പിട പദ്ധതികളുമായി ചേര്‍ത്ത് നടപ്പാക്കുന്നത്. രാജ്യമാകെ സുതാര്യമായി നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണിത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ആക്ഷേപങ്ങളും ക്രമക്കേടുകളും കേരളത്തില്‍ നടക്കുന്നതായി വാര്‍ത്ത വരുന്നതും ഈ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ച് ലൈഫ് മിഷന് നടപ്പാക്കുന്നതിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കെടുപ്പില്‍ 112.2 ലക്ഷം വീടുകള്‍ രാജ്യമെമ്പാടും നിര്‍മിക്കാന്‍ നിശ്ചയിച്ചതില്‍ 109.2 ലക്ഷം വീടുകള്‍ക്ക് നിര്‍മാണാനുമതി നല്‍കിക്കഴിഞ്ഞു. 70 ലക്ഷം വീടുകള്‍ക്ക് അടിത്തറയിട്ട് നിര്‍മാണങ്ങള്‍ അതത് ഗ്രാമങ്ങളില്‍ നടക്കുന്നു. 2021 ജനുവരി വരെയുള്ള കണക്കു പ്രകാരം 41 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കേന്ദ്ര നോഡല്‍ ഏജന്‍സി വഴിയാണ് (സിഎന്‍എ) സഹായം നല്‍കുന്നത്. ഫെഡറല്‍ സംവിധാന പ്രകാരം, സംസ്ഥാന സര്‍ക്കാരിന് പണം നല്കി, അവര്‍ക്ക് പദ്ധതി നടപ്പാക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ നല്കുന്ന പണമാണ് സംസ്ഥാനത്തിന്റെ മറ്റു പദ്ധതികളുമായി കൂട്ടിക്കുഴച്ച് മറ്റൊരു പേരും നല്കി കേരളത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന നിര്‍മാണ പദ്ധതി അങ്ങനെ കേരളത്തില്‍ ലൈഫ് പദ്ധതിയാക്കി. ഒരു പ്രചാരണത്തിലും പ്രസംഗത്തിലും കേന്ദ്ര പദ്ധതിയെന്നോ കേന്ദ്ര സഹായ പദ്ധതിയെന്നോ കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയെന്നോ പറയാറില്ല കേരളത്തില്‍.
ബജറ്റുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ച 1,75,737 കോടി രൂപയില്‍ 47 ശതമാനം ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. 82,978 കോടി ഈ മാസം വരെ വിതരണം ചെയ്തു കഴിഞ്ഞു. ഈ തുകയില്‍ 87 ശതമാനം വിനിയോഗിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: