കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയപ്പോൾ മുനമ്പത്ത് ആഹ്ലാദ പ്രകടനം. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് മുനമ്പം സമര സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടന്നത്. പടക്കംപൊട്ടിച്ചും കേന്ദ്രസർക്കാരിനും ബിജെപിക്കും നന്ദി അറിയിച്ചുമായിരുന്നു മുനമ്പത്തുകാരുടെ ആഹ്ലാദ പ്രകടനം. 95നെതിരെ 128 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്.
ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും ബിൽ പാസായതോടെ ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്‌ക്ക് ബിൽ നിയമമാകും. 12 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നത്.
അതേസമയം, വഖഫ് നിയമഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ സമരക്കാർ നിശിതമായി വിമർശിച്ചു. അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിക്കാനും സമരക്കാർ മറന്നില്ല.വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയെങ്കിലും മുനമ്പം ഭൂസമരം ഉടൻ അവസാനിക്കില്ല. ഭൂമിയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കുംവരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബിൽ ലോക്സഭയിൽ പാസായപ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും നടന്നിരുന്നു.
















