കല്‍പ്പറ്റ: പോലീസ് ഭീഷണി കാരണം വയനാട്ടില്‍ വനവാസി യുവാക്കള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. മാസങ്ങള്‍ക്കുള്ളില്‍ രണ്ട് യുവാക്കളാണ് ജില്ലയില്‍ പോലീസ് ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയത്. കഴിഞ്ഞ നവംബറിലാണ് പനമരം അഞ്ച്കുന്ന് മങ്കാണി ഊരിലെ രതിന് പോലീസ് ഭീഷണിയെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. രതിനും പെണ്‍സുഹൃത്തും വഴിയരികില്‍ സംസാരിച്ചു നിന്നപ്പോള്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും രതിന്റെ പേരില്‍ പോക്സോ കേസ് ചുമത്തുമെന്ന് നിരന്തരം പോലീസ് ഭീഷണിപ്പെടുത്തി. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസ് അത് ചെവിക്കൊണ്ടില്ലെന്നും തങ്ങളെ പുറംലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും സുഹൃത്തുക്കളോട് രതിന് പറഞ്ഞിരുന്നു. പിന്നീടും പോലീസ് ഭീഷണി തുടര്‍ന്നു. ഇതോടെയാണ് രതിന് സഹോദരിക്ക് വീഡിയോ സന്ദേശം അയച്ച് ജീവിതം അവസാനിപ്പിച്ചത്.
പോലീസ് തന്നെ ഇനി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പോക്സോ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തില്‍ ഉണ്ടായിരുന്നു. തന്റെ ഓട്ടോ സഹോദരിക്ക് നല്‍കണമെന്നും കടംവീട്ടാനുള്ള പണം വാഹനത്തില്‍ ഉണ്ടെന്നും തനിക്ക് നീന്തല്‍ അറിയാവുന്നത് കൊണ്ട് ശരീരത്തില്‍ കല്ല് കെട്ടിവെച്ചാണ് വെള്ളത്തില്‍ ചാടുന്നതെന്നുമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. പോലീസ് ഒരിക്കലും തന്റെ ഭാഗം കേള്‍ക്കാന്‍ തയാറായില്ലെന്നും രതിന് കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിലെ പോലീസ് വീഴ്ച്ച വിവാദമായതോടെ കേസന്വേഷണം ജില്ലാ പോലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഇടത് ഭരണത്തില്‍ വനവാസി യുവാക്കള്‍ വേട്ടയാടപ്പെടുകയും കുറ്റക്കാരായ പോലീസുകാര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് വനവാസി സംഘടനകള്‍ ആരോപിക്കുന്നു. സമാന സംഭവം തന്നെയാണ് കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലും അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ ചട്ടം ലംഘിച്ചാണ് പോലീസ് കസ്റ്റഡിയില്‍ വെച്ചത്. ഗോകുലിനെ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ഇതില്‍ പരാതിയുമായി നിരവധി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമ കേസില്‍ താന്‍ പ്രതിയാകുമെന്ന് ഭയന്നാണ് ഗോകുല്‍ ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആറില്‍ എഴുതിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഗോകുലിനെ പോലീസ് ഭയപ്പെടുത്തിയിരുന്നു എന്നാണ്. ഇത്തരത്തില്‍ തിരികെ പ്രതികരിക്കില്ല എന്നുറപ്പുള്ള വനവാസി വിഭാഗത്തിലുള്ളവരോട് പോലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഗോത്രാചാര പ്രകാരം പ്രായപൂര്‍ത്തി ആകാത്തവര്‍ കല്യാണം കഴിക്കുന്നത് കാലങ്ങള്‍ക്ക് മുമ്പേ നടക്കുന്നതാണ്. നിയമം കടുത്തതോടെയാണ് ഇതിന് കുറവ് വന്നത്. വിരലിലെണ്ണാവുന്ന വിവാഹങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും അതിന് രമ്യമായ പരിഹാരം കണ്ടെത്തുന്നതിന് പകരം കടുത്ത പോലീസ് നടപടികളാണ് ഉണ്ടാകുന്നത്. പോലീസിന്റെ മൂന്നാംമുറയും ഭീഷണിയും വനവാസി യുവാക്കളെ മരണത്തിലേക്ക് തള്ളുകയാണ്. ശരിയായ ബോധവല്‍കരണങ്ങളിലൂടെ പരിഹരിക്കുന്നതിന് പകരം മൂന്നാം മുറ നടപ്പാക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാണ് ഗോത്ര സംഘടനകളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: