ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 95നെതിരെ 128 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും ബിൽ പാസായതോടെ ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്‌ക്ക് ബിൽ നിയമമാകും. 12 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നത്.
14 മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കും വോട്ടെടുപ്പിനുമൊടുവിൽ വ്യാഴാഴ്ച പുലർച്ചെ 1.56നാണ് ബിൽ ലോക്സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. കേരളത്തിൽനിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാൽ ഹാജരായില്ല. വഖഫ് കൗൺസിൽ ഘടന സംബന്ധിച്ച എൻ.കെ.പ്രേമചന്ദ്രന്റെ ഭേദഗതിനിർദേശം തള്ളി (231–288). എൻഡിഎയ്‌ക്ക് 293 അംഗങ്ങളും ഇന്ത്യാസഖ്യത്തിന് 3 സ്വതന്ത്രരടക്കം 236 അംഗങ്ങളുമാണ് ലോക്സഭയിലുള്ളത്.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്‌ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: