തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മദ്യവില്‍പ്പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ ബിവറേജസ് നടപ്പിലാക്കുന്ന വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള ഓണ്‍ലൈന്‍ ആപ്പും വിവാദത്തിലേക്ക്. ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിര്‍മിച്ചിരിക്കുന്നത് കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് ടെക്നോളജീസ് ആണ്. ഒരു വര്‍ഷം മുന്‍പ് രൂപംകൊണ്ടതാണ് ഈ സ്റ്റാര്‍ട്ട്ആപ്പ്. സഖാക്കളുടേ കമ്പനിയാണ് ഇതെന്ന് ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ ആരോപണത്തിന് ബലം നല്‍കുന്നതാണ് കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസര്‍) ആയ രജിത് രാമചന്ദ്രന് എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍. പ്രൊഫൈലില്‍ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.
വിര്‍ച്വല്‍ ക്യൂവിനുള്ള ആപ്പ് തയാറാക്കാന്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഈ കമ്പനിയുടെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇതുവരെ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാല്‍ ബെവ്കോയ്ക്ക് ആയിട്ടില്ല. ശനിയാഴ്ചയോടെ ആപ്പ് സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആപ്പ് തയാറാക്കാന്‍ ബെവ്കോ വിളിച്ച ടെന്‍ഡര്‍ ഇതുവരെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ കമ്പനിയെ തെരഞ്ഞെടുത്ത മാനദണ്ഡവും ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികളുടെ പട്ടികയും പുറത്തുവിടണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. കോവിഡ് രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറിനെ തെരഞ്ഞെടുത്തത് വിവാദമാവുകയും ഹൈക്കോടതി വരെ നിയമപോരാട്ടം നീളുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാരിനു കെണിയായി മറ്റൊരു ആരോപണവും ഉയരുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലുള്ളത്. രജിത്, നവീന്‍ ജോര്‍ജ്, തലപ്പുള്ളി അരവിന്ദാക്ഷന് അരുണ്‍ഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റര്‍മാര്‍. ഇതില്‍ രജിത് സജീവ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ഫെയര്‍കോഡ് ടെക്നോളജീസിലെ സ്റ്റാഫുകള്‍ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ബി.രാജേഷിന് വോട്ടഭ്യര്‍ഥിച്ചും ഇയാള്‍ രംഗത്തു വന്നിരുന്നു.
ആപ്പില്‍ സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ പ്ലേ സ്റ്റോര്‍ വഴി ആപ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ആപ്പില്‍ നിന്ന് ആദ്യം ജില്ല തെരഞ്ഞെടുക്കണം. പിന്നീട് ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങാണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്കി കടകള്‍ തെരഞ്ഞെടുക്കാം. നല്കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ഔട്ടലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്കി വീണ്ടും ബുക്ക് ചെയ്യണം.
ഓരോ ഔട്ട്ലെറ്റുകള്‍ക്കും രാവിലെ മുതല്‍ സമയ ക്രമം അനുവദിക്കും. അതിനാല്‍ മദ്യം വാങ്ങാന്‍ താല്‍പ്പര്യമുള്ള സമയം ആപ്പില്‍ നിന്ന് തെരഞ്ഞെടുത്താല്‍ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ടലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭിക്കും. ഇതില്‍ നിന്ന് ഒരു ഔട്ട്ലെറ്റ് തെരഞ്ഞെടുത്താല്‍ ക്യു ആര് കോഡ് അല്ലങ്കില്‍ ടോക്കണ്‍ നമ്പര്‍ ലഭിക്കും.ഈ സംവിധാനം ഉപയോഗിക്കാന്‍ അനുവാദമുള്ളത്21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ്. അതേസമയം, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കായി ഒരു മൊബൈല്‍ നമ്പര്‍ നല്‍കുമെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: