തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുതി ഉപഭോഗം 2027 സാമ്പത്തിക വര്‍ഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ഊര്‍ജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് . വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാര്‍ജിംഗും എയര്‍ കണ്ടീഷണര്‍ ഉപയോഗവും വര്‍ധനവിന്റെ പ്രധാന കാരണങ്ങളാണ്. പീക്ക് ഡിമാന്‍ഡ് വര്‍ധനവിന്റെ 60 ശതമാനം പ്രതീക്ഷിക്കുന്നത് ഈ മേഖലയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വെല്ലുവിളികളെ നേരിടാന്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണെന്ന് പഠനം ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെയും ഗ്രിഡ് സ്ഥിരത വെല്ലുവിളികളെയും നേരിടാന്‍ ഊര്‍ജ സംഭരണ സംവിധാനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് തയ്യാറായത്. ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര് ജ്യോതിലാലിന് റിപ്പോര്‍ട്ട് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: