ശബരിമലയ്ക്കും തിരുവിതാംകൂര്‍ രാജവംശത്തിനും അഭേദ്യമായ ബന്ധമുണ്ട്. കൊല്ലവര്‍ഷം 200 ല്‍ ആണ് പന്തളം രാജകുടുംബം സ്ഥാപിതമാകുന്നത്. ഇവര്‍ പാണ്ഡ്യരാജവംശത്തില്‍ വന്നവരാണ്. വള്ളിയൂരില്‍ വസിച്ചിരുന്ന ഇവര്‍ തെങ്കാശിയിലും അവിടെ നിന്ന് കൊല്ലവര്‍ഷം 79 ല്‍ അച്ചന് കോവില്‍ വഴി കോന്നിയിലുമെത്തി. ചോളച്ര്രകവര്‍ത്തി തിരുവഞ്ചിക്കുളം പിടിച്ചടക്കിയതോടെ അവര്‍ കോന്നി ഉപേക്ഷിച്ച് പന്തളത്തെത്തി. കൊല്ലവര്‍ഷം 345 ല്‍ വേണാട് വാണിരുന്ന ആദിച്ചവര്‍മ പന്തളം രാജകുടുംബത്തിന് ധാരാളം ഭൂമി പതിച്ചു നല്കി.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രൂപീകരിച്ചെങ്കിലും പന്തളത്തിന് സ്വതന്ത്രസ്ഥാനം ഉണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
ധര്‍മരാജാവിന്റെ കാലഘട്ടത്തില്‍ ടിപ്പുവുമായുള്ള യുദ്ധത്തില്‍ ‘പടപ്പണം’ സ്വരൂപിക്കാന്‍ പന്തളം കുടുംബക്കാര്‍ക്ക് ഏറെ വിഷമമുണ്ടായി. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു പന്തളം രാജകുടുംബം. ഈ സാഹചര്യത്തില്‍ പന്തളംരാജ കുടുംബത്തിന്റെ സംരക്ഷണ ചുമതല തിരുവിതാംകൂര്‍ ഏറ്റെടുത്തു. അപ്പോഴും ശബരിമല പന്തളം രാജകുടുംബത്തിന്റെ വകയായിത്തന്നെ തുടര്‍ന്നു. തിരുവിതാംകൂറില്‍ രാജഭരണം നിലവിലുണ്ടായിരുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷവും പന്തളം രാജകുടുംബത്തിനുള്ള പാരമ്പര്യാവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
1973 ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് തന്റെ 60 ാം പിറന്നാളിനോടനുബന്ധിച്ച് 450 പവന് തൂക്കമുള്ള തങ്കഅങ്കി ശബരിമലധര്‍മശാസ്താവിന് സമര്‍പ്പിച്ചു. ചിത്തിരതിരുനാളിന്റെ ആട്ടത്തിരുനാളിന് (തുലാംമാസത്തിലെ ചിത്തിര) ശബരിമല തുറക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു.
മകര സംക്രമപൂജയ്ക്ക് ശബരിമലയില്‍ അയ്യപ്പസ്വാമിക്ക് ആദ്യഅഭിഷേകത്തിനുള്ള നെയ്യ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് കൊണ്ടു പോകുന്നത്. സൂര്യന് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ സമയത്താണ് ശബരിമലയില്‍ സംക്രാന്തി പൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തിലെ രാജപ്രതിനിധി നെയ്ത്തേങ്ങ നിറയ്ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിലാണ് ചടങ്ങ് നടക്കുന്നത്. പ്രതീകാത്മകമായി ഒമ്പതു തേങ്ങകളിലാണ് നെയ് നിറയ്ക്കുന്നത്. കൊട്ടാരത്തില്‍ നിന്നുള്ള മുദ്രസഞ്ചിയില്‍ നെയ്ത്തേങ്ങയുമായി പ്രത്യേകസംഘം സന്നിധാനത്ത് എത്തി തന്ത്രിയെ കണ്ട് നെയ്ത്തേങ്ങ കൈമാറും. സംക്രമപൂജയുടെ അഭിഷേകം കഴിഞ്ഞാല്‍ തേങ്ങാമുറികളിലാണ് പ്രസാദം നല്‍കുന്നത്. പ്രസാദവും മുദ്രസഞ്ചിയും തിരിച്ചു കൊണ്ടുവന്ന് കൊട്ടാരത്തില്‍ ഏല്‍പ്പിക്കും. ഈ യാത്രയില്‍ ഒരു കന്നി അയ്യപ്പന് ഉണ്ടാകണമെന്നതും നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: