പലകാര്യങ്ങളിലും പുരുഷന്മാരേക്കാളും ഒരു പടി മുമ്പിലോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ സ്ത്രീകളുമുണ്ടെന്ന് ഗവേഷണങ്ങളില്‍ കൂടി വ്യക്തമായതാണ്. ഇപ്പോള്‍ ഇതാ മറ്റൊരു ഗവേഷണഫലം കൂടി സ്ത്രീകളുടെ കഴിവ് അംഗീകരിക്കുന്നു. ഒരേ സമയം പലകാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള കഴിവിലും സ്ത്രീകള്‍ തന്നെയാണ് മുന്നിലത്രെ. കുടുംബത്തിനാവശ്യമായ ആഹാരം പാചകം ചെയ്തും കുട്ടികളെ പരിപാലിച്ചും മറ്റുജോലികളില്‍ ഏര്‍പ്പെട്ടും പണ്ടുമുതല്‍ തന്നെ സ്ത്രീകള്‍ ഈ കഴിവ് തെളിയിച്ചവരാണ്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ഗിജ്സ്ബര്ട്ട് സ്റ്റുവറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് പരീക്ഷണത്തിലൂടെ വീണ്ടും തെളിയിക്കുകയായിരുന്നു.
120 സ്ത്രീകള്‍ക്കും അത്രയുംതന്നെ പുരുഷന്മാര്ക്കും ഒരേ സമയം കമ്പ്യൂട്ടറിലും അല്ലാതെയും ചില ജോലികള്‍ നല്കി. ഇരുവിഭാഗത്തെയും ശ്രദ്ധയോടെ നിരീക്ഷിച്ച ഗവേഷക സംഘത്തിന് സ്ത്രീകളുടെ കര്ത്തവ്യക്ഷമത മുന്നിട്ടു നില്‍ക്കുന്നത് ബോധ്യപ്പെട്ടു. കളഞ്ഞുപോയ താക്കോല്‍ കണ്ടുപിടിക്കുക തുടങ്ങി വ്യത്യസ്തമായ ജോലികള്‍ നല്‍കിയും ഇരുവിഭാഗത്തെയും പരീക്ഷിച്ചു. ഇതിലും കൂടുതല്‍ ശ്രദ്ധയോടെയും കൃത്യതയോടെയും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയത് സ്ത്രീകളായിരുന്നു. വീടിന്റെ താക്കോല്‍ പോലുള്ളവ കളഞ്ഞുപോയാല്‍ വളരെ പെട്ടെന്ന് തന്നെ അതു കണ്ടുപിടിക്കാന്‍ കഴിയുന്നത് സ്ത്രീകള്ക്കാണെന്നത് മുമ്പ് തന്നെ വ്യക്തമാണ്. തങ്ങളുടെ കയ്യില്‍ നിന്ന് വാഹനങ്ങളുടെയും മറ്റും താക്കോല്‍ കളഞ്ഞുപോയാല്‍ പുരുഷന്മാര് ആദ്യം വിളിക്കുന്നത് സ്ത്രീകളെയാണെന്നതും ഓര്‍ക്കുക.
ചുരുക്കത്തില്‍ എല്പ്പിക്കുന്ന ഒരു ജോലിയില്‍ മാത്രം ശ്രദ്ധപതിപ്പിച്ച് പുരുഷന്മാര് നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഒരേ സമയം പലജോലികളില്‍ ശ്രദ്ധപതിപ്പിച്ച് അവ പൂര്‍ത്തിയാക്കാനുള്ള സ്ത്രീകളുടെ പണ്ടുമുതലുള്ള കഴിവാണ് ഇപ്പോള്‍ ശാസ്ത്രീയമായി പരീക്ഷിച്ച് അംഗീകരിക്കപ്പെടുന്നത്. ശാസ്ത്രീയ അടിത്തറക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. ബിഎംസി സൈക്കോളജി ജേണലാണ് ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്തായാലും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കാന്‍ ഈ റിപ്പോര്‍ട്ട് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.
രാജി നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: