ഏകാന്തത ചെറുപ്പത്തില്‍ വളരെ ഇഷ്ടമായിരുന്നു. കൂട്ടുകാരികളില്‍ നിന്നകന്ന് തന്റേതുമാത്രമായ ഒരു ലോകത്തിലിരുന്ന് നോവലുകളും ചെറുകഥകളും ആവേശത്തോടെ വായിച്ചുകൂട്ടി. അതിനുവേണ്ടിതന്നെ അവധിക്കാലം വരാന്‍ അവള് കാത്തിരുന്നു. എങ്ങനെയെങ്കിലും പരീക്ഷകളെല്ലാം കഴിഞ്ഞാല്‍ വേഗം സ്വന്തം തറവാട്ടിലെത്താന്‍ മനസ്സ് കൊതിക്കും. ആ കാലമെല്ലാം കഴിഞ്ഞു യൗവ്വനയുക്തയായപ്പോള്‍ നല്ല ഒരു തറവാട്ടിലെ, വലിയ ഉദ്യോഗസ്ഥനായ ഒരു പയ്യനെകൊണ്ട് വിവാഹം കഴിപ്പിച്ചു. എനിക്ക് ഇനിയും പഠിക്കണം, ഒരു ജോലി വേണം എന്നീ ശാഠ്യങ്ങളൊന്നും ആരും ചെവിക്കൊണ്ടില്ല.
കുഞ്ഞ് പിറന്നപ്പോള്‍ പിന്നെ അതിലേക്കായി ശ്രദ്ധ മുഴുവന്‍. അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി. ഒരു ജോലിയും കിട്ടി. (തന്റേതുപോലെ ആകരുതെന്ന ഒരു ചെറിയ വാശി) ഉദ്യോഗസമ്പന്നനായ ഒരുത്തന്റെ കയ്യില്‍ അവളെ ഏല്‍പ്പിച്ചു.
പിന്നെ തുടങ്ങുന്നു വിരസമായ ദിനങ്ങള്‍! കുട്ടിക്കാലത്തേതില് നിന്നും വ്യത്യസ്തമായി ഏകാന്തത ഒട്ടും ഇഷ്ടമല്ലാതെ ആയിരിക്കുന്നു. ഉദ്യോഗത്തിരക്കിനിടയിലും എല്ലാ കാര്യങ്ങളും ഭര്‍ത്താവ് ശ്രദ്ധിച്ചു. സ്നേഹക്കൂടുതല് കൊണ്ട് ഭര്‍ത്താവ് അവളെ പുറത്തേക്കിറങ്ങാന്‍ പോലും അനുവദിക്കാതെ വേണ്ടുന്നതെല്ലാം വാങ്ങി നല്കി.
എന്നാല്‍ കുറച്ച് രൂപ കൈയില്‍ കൊടുത്ത് നിനക്കിഷ്ടമുളള വസ്ത്രങ്ങള്‍ കൂട്ടുകാരുടെ കൂടെ പോയി വാങ്ങിക്കൊള്ളൂ എന്നൊരിക്കലും പറയാറില്ല, പണ്ടും പറഞ്ഞിട്ടില്ല. വേലക്കാരിയുടെ കൂടെ മാര്‍ക്കറ്റില്‍ പോയി പലവ്യഞ്ജനങ്ങള്‍ വാങ്ങണമെന്ന ഒരാശ പറഞ്ഞപ്പോള്‍ നിനക്കിഷ്ടമുള്ളത് പറയൂ ഞാന്‍ വാങ്ങിത്തരാമെന്ന് മറുപടി നല്കി. മറ്റുള്ളവര്‍ ഭര്‍ത്താവുമായി കലപില കൂട്ടി പോകുന്നത് അവള് കണ്ടില്ലെന്ന് നടിക്കും. സര്‍വ്വസമയവും ടിവിക്ക് മുമ്പില്‍ കണ്ണുംനട്ട് മനസ്സ് ഭൂതകാലത്തേക്കും നീട്ടി അങ്ങനെയിരിക്കും.
എന്നെ പുറത്തേക്ക് എവിടെയെങ്കിലും കൊണ്ടുപോകൂ എന്ന് അവളോ, നമുക്ക് ഒന്ന് പുറത്തുകറങ്ങിവരാമെന്ന് അയാളോ പറയാറില്ല. എന്തിന്റെ കുറവാണ്. ഭക്ഷണത്തിന് ഭക്ഷണം, വസ്ത്രങ്ങള്‍ക്ക് വസ്ത്രം. ഇതൊക്കെ പോരെ ജീവിക്കുവാന്‍ എന്ന അയാളുടെ ആത്മസംതൃപ്തി, അവളുടെ സ്വാതന്ത്ര്യത്തിന്റെ വാതില്‍ താഴിട്ടു പൂട്ടി. അവള്‍ക്കുള്ള വിഷാദരോഗം ഈ അന്തരീക്ഷത്തില്‍ നിന്നുളവായതല്ലേ !
ഡോ.മല്ലിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: