ഇരിങ്ങാലക്കുട: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും മുന്‍ മന്ത്രിയുമായ പി.കെ. ചാത്തന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സ്മൃതിസഭ പ്രൗഢഗംഭീരമായി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഓണ്‍ലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാട്ടിക മുന്‍ എംഎല്‍എ സി.സി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
കേരളനവോത്ഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് ചാത്തന്‍ മാസ്റ്ററെന്ന് ഉദ്ഘാടന സന്ദേശത്തില്‍ അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു
1946-ല്‍ ഇരിങ്ങാലക്കുട കുട്ടംകുളത്തേക്ക് നടത്തിയ മാര്‍ച്ചും സമരവും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത അവിസ്മരണീയ അധ്യായമാണ്. അദ്ധ്യാപകനില്‍ നിന്നും മന്ത്രിപദത്തിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ ജീവിതവും 1970ല്‍ കെപിഎംഎസ് സ്ഥാപിച്ച് വിദ്യാഭ്യാസം, തൊഴില്‍, ഭൂമി അവകാശം എന്നിവയ്‌ക്കായി നടത്തിയ പോരാട്ടങ്ങളും ഡോ. ബി.ആര്‍. അംബേദ്കറുടെ ദര്‍ശനങ്ങളുടെ പ്രതിഫലനമാണ്. ചാത്തന്‍ മാസ്റ്റര്‍ സ്മാരകം ഭാവിതലമുറയ്‌ക്ക് പ്രചോദനമാകുന്ന വിദ്യാഭ്യാസ- ഗവേഷണ കേന്ദ്രമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുന്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍, ദേശീയ സഫായി കര്‍മ്മചാരി കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എം. വെങ്കിടേഷ്, ഓള്‍ ഇന്ത്യ ഹരിജന്‍ സമാജം ദേശീയ അധ്യക്ഷന്‍ പദ്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പി.കെ. ചാത്തന്‍ മാസ്റ്ററെപ്പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളെ ബഹുമാനത്തോടെ സ്മരിക്കേണ്ടതുണ്ടെന്ന് മുരുകന്‍ പറഞ്ഞു.
മഹാത്മാ അയ്യന്‍കാളിയുടെ പിന്‍മുറക്കാരനും അഭിഭാഷകനുമായ രാഹുലിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ബിജെപി. ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, സംഘാടക സമിതി ചെയര്‍മാനും മുന്‍ ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ അഡ്വ. പന്തളം പ്രതാപന്‍, അഡ്വ. പി. സുധീര്‍, മുഖ്യ സംഘാടകനും എസ്.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജുമോന്‍ വട്ടേക്കാട്, വൈക്കം മുന്‍ എംഎല്‍എ കെ. അജിത്ത്, സംഘാടക സമിതി അംഗം അജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്മൃതി സഭയോടനുബന്ധിച്ച് സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.


















