തിരുവനന്തപുരം: ബിജെപിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്ന പത്മജ വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കുമെന്നും നിലപാട് മാറ്റി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻപും ഇതൊക്കെ തന്നെയായിരുന്നു ഇവരുടെ പൂർവികരും ചെയ്തിരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ച ഉടനെയാണ് ജേക്കബ്ബ് തോമസിന്റെ ഈ പ്രതികരണം പുറത്തുവന്നത്. ബിജെപി വിടാനുള്ള എന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നായിരുന്നു പത്മജ വേണുഗോപാല്‍ പറഞ്ഞത്. ” രാജീവ് ചന്ദ്രശേഖരനും ബിജെപി ദേശീയ അധ്യക്ഷനും ഞാൻ രാജിക്കത്ത് സമർപ്പിച്ചു. ബിജെപിയിൽ ചേർന്നതിനുശേഷം എനിക്ക് അവിടെ നിന്ന് യാതൊന്നും ലഭിച്ചിട്ടില്ല. ഇതൊരു വ്യക്തിപരമായ തീരുമാനമാണ്; പാർട്ടി വിടുന്ന കാര്യം ഞാൻ കെ. മുരളീധരനുമായി ചർച്ച ചെയ്തിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രം മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. എങ്കിലും, പൊതുജീവിതത്തിൽ ഞാൻ തുടർന്നും സജീവമായിരിക്കും. ” – പത്മജ വേണുഗോപാല്‍ പറഞ്ഞു.
” തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എനിക്ക് ഒരിക്കലും താൽപ്പര്യമുണ്ടായിരുന്നില്ല. കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എനിക്ക് മടങ്ങിവരാം. യുഡിഎഫ് സർക്കാരിനെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്; വി.ഡി. സതീശൻ ഒരു നല്ല മുഖ്യമന്ത്രിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”-പത്മജ വേണുഗോപാല്‍ പറഞ്ഞു.


















