ന്യൂദല്‍ഹി: ഇന്ത്യയില്‍ വന്ന് വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റാലിയൻ രാഷ്‌ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്കിനെതിരായ ഹര്‍ജിയില്‍ നവമ്പര്‍ 20ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ജിയാക്കോമോ ഫിലിബെക്ക് വോട്ട് കള്ളൻ, അധികാരക്കസേര ഒഴിയൂ എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും
നീക്കം ചെയ്യണമെന്ന ഹർജിയാണ് സുപ്രീം കോടതി നവംബർ 20-ന് പരിഗണിക്കുക.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, അഭിഭാഷകൻ റിസ്‌വാൻ അഹമ്മദിന്റെ വാദങ്ങൾ കേട്ട ശേഷം, ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. നവംബർ 13-14 തീയതികളിൽ നടന്ന ഉച്ചകോടിയിൽ, ‘പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലിസ്റ്റ്‌സ്’ (Party of European Socialists) സെക്രട്ടറി ജനറലായ ഫിലിബെക്ക്, കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടും പ്രതിപക്ഷ പാർട്ടികളെ പിന്തുണച്ചുകൊണ്ടും ഇന്ത്യയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ ഇടപെട്ടുവെന്നും, അതിനാൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അഹമ്മദ് ബോധിപ്പിച്ചു.
വിഷയം പരിഗണിക്കുമ്പോൾ വാദങ്ങൾ അവതരിപ്പിക്കാൻ ജസ്റ്റിസ് സൂര്യകാന്ത് അദ്ദേഹത്തോട് നിർദ്ദേശിച്ചു. തെലങ്കാനയിൽ സംസ്ഥാന സർക്കാരിന്റെയും ‘സമൃദ്ധ ഭാരത് ഫൗണ്ടേഷൻ’ ഉൾപ്പെടെയുള്ള ചില സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അഹമ്മദ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച ഫിലിബെക്ക്, കുറ്റമറ്റ വോട്ടർ പട്ടികയ്‌ക്കായി അദ്ദേഹം നടത്തിയ പ്രചാരണത്തെക്കുറിച്ച് പരാമർശിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാൻ പൗരന്മാർ മുന്നോട്ടുവരണമെന്ന് പറഞ്ഞ അദ്ദേഹം, പ്രതിപക്ഷം അടുത്തിടെ രാംലീല മൈതാനത്തേക്ക് നടത്തിയ മാർച്ചിനെക്കുറിച്ചും സംസാരിച്ചു. ഒടുവിൽ, “വോട്ട് ചോർ, ഗഡ്ഡി ചോഡ്” എന്ന് മുദ്രാവാക്യം വിളിച്ച അദ്ദേഹം, ആധുനിക ഇന്ത്യയുടെ ജനാധിപത്യ അടിത്തറ പാകിയത് കോൺഗ്രസാണെന്നും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.


















