മുംബൈ : ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ . ബുധനാഴ്ച ലാത്തൂരിൽ നടന്ന ജന്മവാർഷിക പരിപാടിയിൽ കോൺഗ്രസ് എംഎൽഎ അമിത് ദേശ്മുഖാണ് പങ്കെടുത്തത്. ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ അമിത് ദേശ്മുഖ് പുഷ്പാർച്ചനയും നടത്തി .
പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും അമിത് ദേശ്മുഖ് തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഷേർ-ഇ-ഹിന്ദ് ഷഹീദ് ഹസ്രത്ത് ടിപ്പു സുൽത്താൻ സാർവജനിക് ജയന്തി സമരോ സമിതിയാണ് ടിപ്പുവിന്റെ പേരിൽ ജന്മവാർഷികാഘോഷം സംഘടിപ്പിച്ചത്. എംപി ശിവാജി കാലെഗെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അമിത് ദേശ്മുഖ് തന്റെ പോസ്റ്റിൽ ടിപ്പു സുൽത്താനെ “ഷേർ-ഇ-ഹിന്ദ്” എന്നും “രക്തസാക്ഷി ഹസ്രത്ത് ടിപ്പു സുൽത്താൻ” എന്നുമാണ് വിശേഷിപ്പിച്ചത് . ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തിയാണ് ടിപ്പുവിനെ പറ്റിയും അമിത് ദേശ്മുഖ് സംസാരിച്ചത്.
പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ടിപ്പു സുൽത്താൻ ഒരിക്കലും രാജ്യത്തിന് മാതൃകയാകാൻ കഴിയില്ലെന്ന് ബിജെപി എംഎൽഎ ശ്രീകാന്ത് ഭാരതിയ പറഞ്ഞു.


















