ടോക്യോ: നാലാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ-പ്രതിരോധ മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ടോക്യോയിൽ നടന്ന ‘റെയ്‌സിന ടോക്യോ’ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിലവിലെ ആഗോള സാഹചര്യങ്ങളിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.
സുരക്ഷാ-പ്രതിരോധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി കൃത്യമായ നയങ്ങളും ചട്ടക്കൂടുകളും വികസിപ്പിക്കണമെന്ന് ജയശങ്കർ ജപ്പാനോട് ആവശ്യപ്പെട്ടു. ഇതിനുപുറമെ ശുദ്ധമായ ഊർജ്ജം , ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലും ആഴത്തിലുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ ലോകസാഹചര്യത്തെ നിർവചിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളായി അന്താരാഷ്‌ട്ര വ്യവസ്ഥിതിയിലുണ്ടാകുന്ന ആഘാതങ്ങൾ, വിഭവങ്ങളുടെയും വ്യാപാരപാതകളുടെയും ആയുധവൽക്കരണം , കടുത്ത മത്സരവും റിസ്ക് എടുക്കാനുള്ള പ്രവണതയും, വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണം , വിശ്വസ്ത പങ്കാളിത്തങ്ങൾ എന്നിവയെ ജയശങ്കർ എടുത്തുപറഞ്ഞു.
സ്വതന്ത്രവും തുറന്നതും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല നിലനിർത്താൻ പ്രതിജ്ഞാബദ്ധരായ രണ്ട് പ്രമുഖ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ജപ്പാനും സ്വന്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. വിശ്വസ്തവും സുസ്ഥിരവുമായ സഹകരണത്തിലൂടെ പങ്കാളികളെ ശക്തിപ്പെടുത്തിക്കൊണ്ട് മേഖലയിലെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാമത് മന്ത്രിതല ചർച്ച ഇന്ന്
ടോക്യോയിൽ നടക്കുന്ന നാലാമത് മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുക്കും. ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊതെഗി, പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമി എന്നിവരുമായാണ് ഇന്ത്യൻ മന്ത്രിമാർ ചർച്ച നടത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം, പ്രതിരോധ ഉപകരണങ്ങളിലും സാങ്കേതികവിദ്യയിലുമുള്ള പങ്കാളിത്തം, സമുദ്രസുരക്ഷ, കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കൽ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്യും. കൂടാതെ ജപ്പാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ 19-ാമത് തന്ത്രപരമായ ഉഭയകക്ഷി ചർച്ചയും നടത്തുന്നുണ്ട്. സന്ദർശനത്തിനിടെ മുൻ ജാപ്പനീസ് പ്രധാനമന്ത്രിയും ജപ്പാൻ-ഇന്ത്യ അസോസിയേഷൻ ചെയർമാനുമായ ഫ്യൂമിയോ കിഷിദയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി സാമ്പത്തിക സുരക്ഷാ സഹകരണം ചർച്ച ചെയ്തു.
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ , ഈസ്റ്റ് ഏഷ്യ ഉച്ചകോടികൾക്കും ക്വാഡ് നേതാക്കളുടെ യോഗത്തിനും പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ ഈ നിർണ്ണായക ജപ്പാൻ സന്ദർശനം. ஜനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലുമുള്ള പരസ്പര വിശ്വാസത്തിലാണ് ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം നിലനിൽക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


















