ന്യൂദൽഹി: ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) പ്രതിഷേധം നടക്കാനിരിക്കെ, രാജ്യതലസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാൻ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടി (AAP) നേതാവ് അരവിന്ദ് കെജ്രിവാളും ശ്രമിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു. സാഹചര്യം കേന്ദ്രസർക്കാർ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, വിദേശശക്തികളുടെ നിർദേശപ്രകാരം ചിലർ തലസ്ഥാനത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് നബിൻ ആരോപിച്ചു. ഇവരെ ‘അർബൻ നക്സലുകൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രതിഷേധത്തിന് ആം ആദ്മി പാർട്ടിയുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടു. എന്നാൽ ‘ഇൻഡി’ സഖ്യത്തിലെ നേതാക്കളുടെ പ്രസ്താവനകൾ കേട്ട് രാജ്യത്തെ യുവാക്കൾ വഴിതെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച നബിൻ, 140 കോടി ജനങ്ങൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുകയും രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യം തകർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കൈവരിക്കുന്ന പുരോഗതി പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്നും തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും നബിൻ വിമർശിച്ചു.
കഴിഞ്ഞ 12 വർഷത്തെ മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തുണ്ടെന്നും പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ വിജയിക്കില്ലെന്നും അവകാശപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ബിജെപിയും മോദി സർക്കാരും തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് പറഞ്ഞ നബിൻ, തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതിനുപകരം രാഷ്ട്രീയ എതിരാളികൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. വിദേശശക്തികളുടെ നിർദേശപ്രകാരമാണ് ഇത്തരം നീക്കങ്ങളെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
















