ന്യൂഡൽഹി: ദസറ ആഘോഷവേളയിൽ രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലം കൂടി കത്തിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി. എഎപി ഡെൽഹി പ്രസിഡൻ്റ് സൗരഭ് ഭരദ്വാജ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കും ഡൽഹി പോലീസ് കമ്മീഷണർക്കും പരാതി നൽകി.
ബിജെപി എംഎൽഎ അശോക് ഗോയൽ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്കെതിരെ ആണ് സൗരഭ് ഭരദ്വാജ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന പരിപാടിയിൽ രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും അഗ്നിക്കിരയാക്കിയത്. ഡൽഹി മന്ത്രി കപിൽ മിശ്ര ആണ് പാറ്റയുടെ കോലത്തിന് തീയിട്ടത്.
പരിപാടിയുടെ സംഘാടകർ മനപ്പൂർവം മതവികാരം വ്രണപ്പെടുത്തുകയും പവിത്രമായ ഹൈന്ദവ ആചാരങ്ങളിൽ മാറ്റം വരുത്തുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് സൗരഭ് ഭരദ്വാജ് പരാതിയിൽ ആരോപിക്കുന്നു. അശോക് ഗോയൽ, കപിൽ മിശ്ര ഉൾപ്പെടെയുള്ള സംഘാടകർക്കെതിരെ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു. പാറ്റയെ കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യണമെന്നും സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.
എന്നാൽ, വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു അശോക് ഗോയലിന്റെ പ്രതികരണം.
കത്തുന്നത് പാറ്റയാണെങ്കിലും ഇതിന്റെ വേദന അനുഭവപ്പെടുന്നത് രാജ്യത്തെ ചില രാഷ്‌ട്രീയ ചിതലുകൾക്കാണെന്ന് മന്ത്രി കപിൽ മിശ്ര പരിഹസിച്ചിരുന്നു. പാറ്റ എന്നത് അഴുക്കിന്റെയും അരാജകത്വത്തിന്റെയും പ്രതീകമാണെന്നും കപിൽ മിശ്ര പറഞ്ഞിരുന്നു. വിഷയത്തിൽ, ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്നായിരുന്നു സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരിഹാസം.
‘പാറ്റ എന്നത് അഴുക്കിന്റെയും അരാജകത്വത്തിന്റെയും പ്രതീകമാണ്… ഇത്തരം കോലങ്ങൾ കത്തിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; ദേശവിരുദ്ധ ശക്തികൾ എവിടെ ഉയർന്നുവന്നാലും, ഇന്ത്യയിൽ അവരുടെ പരാജയം അനിവാര്യമാണ്’ കപിൽ മിശ്ര പറഞ്ഞു.
















