തിരുവനന്തപുരം: വഖഫ് ബോര്ഡ് ഭരണസമിതി പിരിച്ചുവിട്ട സര്ക്കാര് നടപടിയെ രൂക്ഷ വിമര്ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കെ എസ് ഹംസ അധ്യക്ഷനായ ഭരണസമിതിയുടെ കാലാവധി പൂര്ത്തിയാകാതെ ഭരണസമിതി പിരിച്ചുവിട്ടത് അംഗീകരിക്കാനാകില്ലെന്നും വഖഫ് നിയമപ്രകാരം നിലവിലെ സമിതിയെ പിരിച്ചുവിടാന് സര്ക്കാരിന് അധികാരമില്ലെന്നും പിണറായി ഫേസ്ബുക്കില് കുറിച്ചു.
ഹൈക്കോടതി വിധി സര്ക്കാര് തെറ്റായി വ്യാഖ്യാനിക്കുകയാണ്.2016ല് എല്ഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയപ്പോള് മുസ്ലിം ലീഗ് നേതാവ് റഷീദലി തങ്ങള് അധ്യക്ഷനായിരുന്ന വഖഫ് ബോര്ഡിനെ കാലാവധി പൂര്ത്തിയാക്കാന് അനുവദിച്ചു.എല്ഡിഎഫ് കാട്ടിയ ജനാധിപത്യ മര്യാദ ഇന്ന് യുഡിഎഫ് സര്ക്കാര് കാണിക്കുന്നില്ലെന്ന് പിണറായി പറഞ്ഞു.
കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയില് സംസ്ഥാന സര്ക്കാര് സ്വീകരിച്ച നിലപാടുകളെ ദുര്ബലപ്പെടുത്തുന്നതാണ് പുതിയ നടപടിയെന്നും പിണറായി കുറ്റപ്പെടുത്തി.വഖഫ് ബോര്ഡിലെ അമുസ്ലിം പ്രാതിനിധ്യം ഉള്പ്പെടെയുള്ള വിഷയങ്ങളില് സര്ക്കാര് സ്വീകരിച്ച നിലപാട് സമുദായത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന നടപടിയാണ് വഖഫ് ബോര്ഡ് പിരിച്ചുവിടലെന്നും പിണറായി ആരോപിച്ചു.ബോര്ഡ് പിരിച്ചുവിട്ട ഉത്തരവ് സര്ക്കാര് അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















