തിരുവനന്തപുരം: കിഫ്ബി അഴിമതിയിലൂടെ സംസ്ഥാനത്തിന്റെ പൊതുഖജനാവ് കൊള്ളയടിച്ച പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്ച്ചയുടെ നേതൃത്വത്തില് നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്ച്ചിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ജലപീരങ്കിയും കണ്ണീര്വാതകവും ഉപയോഗിക്കുകയും ചെയ്തു. നിരവധി പ്രവര്ത്തകര്ക്ക് പരിക്കേറ്റു.ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ദല്ഹി പൊലീസിനെതിരെ ആരോപണം ഉന്നയിക്കുന്ന കോണ്ഗ്രസ് സര്ക്കാരിന്റെ കീഴിലെ പൊലീസാണ് കേരളത്തില് സമാധാനപരമായി പ്രതിഷേധിച്ച യുവമോര്ച്ച പ്രവര്ത്തകര്ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ച് സമരത്തെ അടിച്ചമര്ത്താന് ശ്രമിച്ചതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര് എംഎല്എ പറഞ്ഞു. മാര്ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയിലെ ക്രമക്കേടുകളിലൂടെ സംസ്ഥാനത്തിന് 70,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന ഗുരുതരമായ വിഷയം മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില് പിണറായി വിജയനെതിരെ വി ഡി സതീശന് സ്വീകരിക്കുന്ന നിയമനടപടി എന്താണെന്ന് കേരളം ചോദിക്കുകയാണ്. എക്സാലോജിക്കുമായി ബന്ധപ്പെട്ട അഴിമതിക്ക് പിന്നാലെ അതിനേക്കാള് ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇത്രയും ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് ശക്തമായ നടപടി ആവശ്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കണം.
കണ്ണൂരില് മാത്രം 2,500 കോടി രൂപ ചെലവിട്ട് ആയിരം ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചിട്ടില്ല. വികസന പ്രവര്ത്തനങ്ങള്ക്ക് ഭൂമി ലഭിക്കുന്നില്ലെന്ന് പറയുന്ന എല്ഡിഎഫും യുഡിഎഫും കോടികള് ചെലവഴിച്ച് ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നതിന് മറുപടി പറയണം.2,500 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി ഇന്ന് വിറ്റാല് അതിന്റെ അഞ്ചിലൊന്ന് തുക പോലും സര്ക്കാരിന് ലഭിക്കാത്ത സാഹചര്യമാണെങ്കില് ഈ ഇടപാടിന്റെ ഉത്തരവാദികള് ആരാണ്?
കിഫ്ബിയിലെ ഭൂമി ഇടപാടുകളില് എക്സാലോജിക്കിന് സമാനമായ ഇടപെടലുകള് നടന്നിട്ടുണ്ടോ? വീണാ വിജയന്റെ ഇടപെടലുണ്ടായിട്ടുണ്ടോ? മുഹമ്മദ് റിയാസും വീണയും ഇടനിലക്കാരായിരുന്നോ? ഇടപാടുകളിലൂടെ ലഭിച്ച അധിക തുക വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്ക്കെല്ലാം പിണറായി വിജയനും വി ഡി സതീശനും മറുപടി പറയണം.കേരളത്തിന് എന്ത് കിട്ടി എന്ന ചോദ്യത്തിന് ഉത്തരം നല്കാന് ഇരുവരും ബാധ്യസ്ഥരാണ്.
കേരളത്തിന്റെ പൊതുഖജനാവ് കൊള്ളയടിക്കുന്നതില് എല്ഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുകയാണ്. അഴിമതിക്കെതിരെ നിയമസഭയില് ജനപക്ഷത്തുനിന്ന് സംസാരിക്കുന്ന ബിജെപിയുടെ ശബ്ദം ഇല്ലാതാക്കാന് പിണറായി വിജയനും വി ഡി സതീശനും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. പിണറായി വിജയനെതിരായ ഗുരുതരമായ അഴിമതി ആരോപണത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടിട്ടും വി ഡി സതീശന് സ്വീകരിച്ച നിലപാട് സംശയകരമാണ്. എഫ്ഐആര് രജിസ്റ്റര് ചെയ്യാന് നാല് ദിവസം സമയം അനുവദിച്ചുകൊടുത്തതിന്റെ സാഹചര്യം അദ്ദേഹം വ്യക്തമാക്കണം.
പിണറായി വിജയന്റെ വീടിന്റെ ഐശ്വര്യം വി ഡി സതീശനും വി ഡി സതീശന്റെ വീടിന്റെ ഐശ്വര്യം പിണറായി വിജയനുമാണെന്നതാണ് കേരളത്തിലെ രാഷ്ട്രീയ യാഥാര്ഥ്യം. ഇരുവരും പരസ്പരം സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്ക്കാരിനെ കുറ്റപ്പെടുത്തുകയും കേന്ദ്രസര്ക്കാരിനെതിരെ പ്രമേയങ്ങള് പാസാക്കുകയും ചെയ്യുക എന്നതിനപ്പുറം കേരള നിയമസഭയില് ഇരുവര്ക്കും മറ്റൊരു അജണ്ടയില്ല.ബിജെപിക്ക് സംസാരിക്കാന് അവസരം നിഷേധിക്കുകയും അഴിമതിക്കെതിരായ ചോദ്യങ്ങളില്നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സമീപനം ഇരുകൂട്ടരുടെയും ഒത്തുകളിയാണ് വ്യക്തമാക്കുന്നതെന്നും ബി ബി ഗോപകുമാര് പറഞ്ഞു.
പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് ചോരയില് മുക്കി ഇല്ലാതാക്കാനാണ് വി ഡി സതീശന് സര്ക്കാര് ശ്രമിക്കുന്നതെങ്കില് ആ നിലപാട് പൊതുജനങ്ങള്ക്കു മുന്നിലും കോടതിയിലും തുറന്നുകാട്ടുമെന്നും അഴിമതിയുടെ കാര്യത്തില് ഉള്പ്പെടെ എല്ഡിഎഫ് യുഡിഎഫും ഒന്നാണ് എന്നും ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ഡല്ഹി പൊലീസിന്റെ നടപടികള്ക്കെതിരെ വിമര്ശനം ഉന്നയിക്കുന്നവര് കേരളത്തില് സ്വന്തം പൊലീസ് നടത്തുന്ന അതിക്രമങ്ങള്ക്ക് മറുപടി പറയണം. ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്ത്താമെന്ന് കരുതേണ്ട. അഴിമതിക്കെതിരായ ജനാധിപത്യ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്ക്കെതിരെ ശക്തമായ നിയമപരവും ജനകീയവുമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന് രാജിവെക്കുന്നതുവരെ സമരം തുടരും.ഗ്രനേഡ്, കണ്ണീര്വാതകം, ജലപീരങ്കി, ലാത്തിച്ചാര്ജ് തുടങ്ങിയ പൊലീസ് നടപടികളിലൂടെ പ്രതിഷേധങ്ങളെ തടയാന് ശ്രമിച്ചാലും ബിജെപിയും യുവമോര്ച്ചയും പിന്നോട്ടുപോകില്ല. സംസ്ഥാനത്തിന്റെ പൊതുഖജനാവുമായി ബന്ധപ്പെട്ട അഴിമതിയില് ഉത്തരവാദികള്ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ അതിശക്തമായ പ്രക്ഷോഭം തുടരും
മാര്ച്ചില് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് അഡ്വ പി സുധീര്, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്, യുവമോര്ച്ച സംസ്ഥാന അധ്യക്ഷന് മനു പ്രസാദ് സംസ്ഥാന ജനറല് സെക്രട്ടറിമാരായ വിഷ്ണു വഞ്ചിമല , ഗോകുല് ഗോപിനാഥ് തുടങ്ങിയ സംസ്ഥാന-ജില്ലാ നേതാക്കളും നൂറുകണക്കിന് പ്രവര്ത്തകരും പങ്കെടുത്തു.
















