തിരുവനന്തപുരം: കഴിഞ്ഞ ദിവസം നഗരത്തിലെ മാനവീയം വീഥിയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില് സംഘാടകര്ക്കെതിരെ പൊലീസ് കേസെടുത്തു. നടന് പ്രകാശ് രാജും പങ്കെടുത്ത പരിപാടി അനുമതി വാങ്ങാതെയാണ് സംഘടിപ്പിച്ചത്.കലക്ടീവ് ഫോര് ഡെമോക്രസി കൂട്ടായ്മയുടെ നേതാക്കള്ക്കെതിരെയാണ് കേസ്.മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത്.കണ്ടാലറിയാവുന്ന 300 പേര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തു.
അനുമതി വാങ്ങാതെ പ്രതിഷേധം സംഘടിപ്പിച്ചതില് പൊലീസിനോട് മേയര് വി വി രാജേഷ് വിശദീകരണം തേടിയിരുന്നു. പരിപാടി നടക്കും മുമ്പ് പൊലീസ് എത്തി മൈക്ക് സെറ്റ് മാറ്റാന് ശ്രമിച്ചെങ്കിലും പരിപാടിയില് പങ്കെടുക്കാനെത്തിയവര് തടഞ്ഞതോടെ പിന്വാങ്ങിയിരുന്നു. പ്രതിഷേധ പരിപാടിക്കിടെ പൊതുഗതാഗതം തടസപ്പെടുത്താനോ കാല്നടയാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ പാടില്ലെന്നും മൈക്ക് ഉപയോഗിക്കുന്നതിന് നിയമാനുസൃത അനുമതി നേടണമെന്നും സംഘാടകര്ക്ക് പൊലീസ് നോട്ടീസ് നല്കിയിരുന്നു.നിയമപരമായ നടപടികള് പാലിച്ചശേഷം മാത്രമേ പ്രതിഷേധ പരിപാടി നടത്താവൂ എന്നും അറിയിച്ചിരുന്നു.
















