കൊച്ചി: രജിനികാന്ത് നായകനായി പുറത്തിറങ്ങിയ ജയിലര് 2 എന്ന പുതിയ ചിത്രത്തില് മോഹന്ലാലിന്റെ ഡ്യൂപ്പ് ആയത് താനാണെന്ന് വെളിപ്പെടുത്തിയ മിമിക്രി താരം ജോബി കൊടകരയ്ക്കെതിരെ വിമര്ശനവുമായി പ്രൊഡക്ഷന് കണ്ട്രോളറും നടനുമായ ആസാദ് കണ്ണാടിക്കല് രംഗത്തെത്തി. ഉണ്ട ചോറിന് മര്യാദ കാണിക്കേണ്ടിയിരുന്നുവെന്നും കുറിപ്പില് പരാമര്ശിക്കുന്നു.
കുറിപ്പിന്റെ പൂര്ണരൂപം:
ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യല് മീഡിയയില് ഫോട്ടോ ഇട്ട ഇതുപോലുള്ള ആള്ക്കാരെ ഒന്നും സിനിമാക്കാര് ഇനി മുതല് അടുപ്പിക്കരുത്, ഒരോ സിനിമയിലും സൂപ്പര് താരങ്ങള്ക്ക് ലോങ്ങ് ഷോട്ടില് മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളില് അവരുടെ അതേ രൂപത്തില് ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നതാണ്. അതിന് വേണ്ടി ഒരേ പോലെയുള്ള രണ്ട് ഡ്രസ്സ് സ്ഥിരമായി ഉണ്ടാവും. അതില് ഒന്ന് ഡ്യൂപ്പിന് കൊടുക്കാറുമുണ്ട്. അത് ചെയ്യുന്നവര്ക്ക് 2000 രൂപ മുതല് 10000 രൂപ വരെ ശമ്പളവും കൊടുക്കാറുണ്ട്. എന്നാല് 350 കോടി രൂപ മുടക്കി ഇറങ്ങിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആ സിനിമയില് വേഷം ചെയ്ത മോഹന്ലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട് , മോഹന്ലാല് ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാന് ആണെന്ന് അറിയിക്കാന് വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്, ഒരു സിനിമയില് ഒരാളെ അഭിനയിക്കാന് വിളിക്കുമ്പോള് ആ താരം പറയുന്ന പണം എത്രയാണോ അത് വാങ്ങിയിട്ടാണ് അവര് അഭിനയിക്കുന്നത്. ആ സിനിമയില് അഭിനയിച്ച് അവര് ഡബ്ബ് ചെയ്ത് പോയിക്കഴിഞ്ഞാല് ആ സിനിമയില് ഏതൊക്കെ സീന് വേണം ഏതൊക്കെ സീന് വേണ്ട എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനും എഡിറ്ററുമാണ്. അവര്ക്ക് ആ സിനിമയില് ആവശ്യമില്ല എന്ന് തോന്നുന്ന ഏത് സീനും കട്ട് ചെയ്ത് ഒഴിവാക്കാന് ഉള്ള പൂര്ണ്ണ സ്വാതന്ത്ര്യം അവര്ക്കുണ്ട്.
അങ്ങിനെ കട്ട് ചെയ്തു പോയതിന് മോഹന്ലാലിനെയോ സംവിധായകനെയോ കുറ്റംപറയുന്നതില്കാര്യമില്ല. അതൊക്കെ സര്വ്വ സാധാരണമാണ്. എന്നാല് ജയിലര് 2 സിനിമയില് മോഹന്ലാല് അഭിനയിച്ച ഭാഗങ്ങളില് എല്ലാം ഡ്യൂപ്പ് ആണ് ഉള്ളത് എന്ന് സോഷ്യല് മീഡിയയില് ട്രോള് ചെയ്യാന് കാരണം ഈ വ്യക്തിയാണ് . ഇയാള്ക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങള് ചെയ്തത് ഒരിക്കലും അംഗീകരിക്കാന് പറ്റില്ല. രജനി കാന്തിന്റെ മുഖം കാണുന്ന ഷോട്ടില് മാത്രമേ അദ്ദേഹം നില്ക്കാറൊള്ളൂ ബാക്കി എല്ലാം ഡ്യൂപ്പിനെ വെച്ചാണ് ഷൂട്ട് ചെയ്തത് എന്ത് കൊണ്ടാണ് രജനികാന്തിന്റെ ഡ്യൂപ്പ് ഇതേപോലെയുള്ള തെണ്ടിത്തരം ചെയ്യാത്തത് എന്തുകൊണ്ടാണ്? അതാണ് ഉണ്ട ചോറിന് കാണിക്കേണ്ട മര്യാദ, ഒരു സിനിമയില് ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട.് അത് വലിയ സംഭവം ഒന്നുമല്ല എല്ലാ ലെക്കേഷനിലും ഉള്ള കാര്യമാണ് .
















