കൊച്ചി:സംസ്ഥാന വഖഫ് ബോര്ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.പുനഃസംഘടനയ്ക്ക് എതിരെ മുന് ചെയര്മാന് കെ എസ് ഹംസയാണ് സ്റ്റേ ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. കെ എസ് ഹംസയുടെ ഹര്ജി ഡിവിഷന് ബെഞ്ചിന് കൈമാറി.
കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചു വിട്ടാണ് വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീന് എംഎല്എ, തൊടിയൂര് മുഹമ്മദ്കുഞ്ഞ് മൗലവി , അച്ചടക്ക ലംഘനത്തിന് സമസ്ത മുശാവറയില് നിന്ന് പുറത്താക്കപ്പെട്ട എം.പി മുസ്തഫല് ഫൈസി തുടങ്ങിയവര് പുനസംഘടിപ്പിച്ച വഖഫ് ബോര്ഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമ, ജമാഅത് ഇസ്ലാമി, കെ എന് എം തുടങ്ങിയ സംഘടനകള്ക്ക് പ്രാതിനിധ്യം നല്കിയാണ് പുനഃസംഘടന. എന്നാല്, അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല.
അതേസമയം, വഖഫ് ബോര്ഡില് ഇ.കെ, എ.പി വിഭാഗം സമസ്തകള്ക്ക് പ്രതിനിധികള് ഇല്ലാത്തത് അനീതിയും അന്യായവുമെന്ന് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില് കുറിച്ചു.
വഖഫ് ബോര്ഡില് അമുസ്ലിങ്ങളെ ഉള്പ്പെടുത്താത്തതിനെതിരെ ബിജെപി നേതാവ് ഷോണ് ജോര്ജ് നല്കിയ ഹര്ജി പരിഗണിക്കവെ, ബോര്ഡ് പുനഃസംഘടിപ്പിക്കാന് സര്ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
















