ന്യൂദൽഹി: ദൽഹിയിലെ ബിജെപി സർക്കാരിന്റെ മറ്റൊരു പദ്ധതികൂടി വൻ വിജയമാകുന്നു. ദൽഹി മെട്രോ സ്‌റ്റേഷനുകളിൽ സ്ഥാപിച്ച 10 ‘അർപ്പൺ’ കേന്ദ്രങ്ങൾവഴി പുനരുപയോഗിക്കാവുന്നതും റീസൈക്കിൾ ചെയ്യാവുന്നതുമായ 41 ടണ്ണിലധികം പഴയ വസ്ത്രങ്ങൾ ശേഖരിച്ചതായി മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫീസ് അറിയിച്ചു.
ആഗസ്ത്് 31 വരെ, 3,940 പേർ ഈ കേന്ദ്രങ്ങളിൽ 41,181.59 കിലോ വസ്ത്രങ്ങൾ ഏൽപ്പിച്ചു. ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ ശേഖരിച്ചത് (9,861.40 കിലോ); ഷാലിമാർ ബാഗ് കേന്ദ്രം തൊട്ടുപിന്നിലായി 9,761.03 കിലോഗ്രാം ശേഖരിച്ചു. പഞ്ചാബി ബാഗ് വെസ്റ്റ്, ഷാഹ്ദാര കേന്ദ്രങ്ങൾ യഥാക്രമം 6,534.98 കിലോഗ്രാം, 6,386.08 കിലോഗ്രാം എന്നിങ്ങനെയും ശേഖരിച്ചു.
മയൂർ വിഹാർ1, ഹൗസ് ഖാസ്, ദ്വാരകകക്രോള, മാൽവിയ നഗർ, ലജ്പത് നഗർ, മോഹൻ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശേഖരിച്ച വസ്ത്രങ്ങളിൽ ഏകദേശം 4,266 കിലോഗ്രാം പുനരുപയോഗത്തിനോ അപ് സൈക്ലിംഗിനോ (മറ്റൊന്നായി മാറ്റുക) ആയി മാറ്റിവെച്ചപ്പോൾ, 29,424 കിലോ റീസൈക്ലിംഗിനായി അയച്ചു. സംസ്‌കരണത്തിനായി അയക്കുന്നതിന് മുൻപ് വസ്ത്രങ്ങൾ തരംതിരിക്കുന്നുണ്ട്.
സ്വയംസഹായ സംഘങ്ങൾ ഈ വസ്ത്രങ്ങൾ ഉപയോഗിച്ച് റഗ്ഗുകൾ, ഫോൾഡറുകൾ, കീറിംഗുകൾ, പൗച്ചുകൾ, ബാഗുകൾ, തോരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു. സർക്കാർ കണക്കുകൾ പ്രകാരം, 10 കേന്ദ്രങ്ങളിലായി ഇതുവരെ 27,036 രൂപയുടെ വിൽപ്പന നടന്നിട്ടുണ്ട്.
ആവശ്യമില്ലാത്ത വസ്ത്രങ്ങൾ ഒഴിവാക്കുന്നതിനൊപ്പം അവയുടെ തുടർ ഉപയോഗം ഉറപ്പാക്കാനും ഈ പദ്ധതി നിവാസികൾക്ക് അവസരമൊരുക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ‘ദൽഹി നിവാസികളുടെ പങ്കാളിത്തം ഈ സംവിധാനം കൂടുതൽ വിപുലീകരിക്കാൻ സഹായിക്കും,’ എന്ന് പറഞ്ഞ അവർ, പഴയ വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നത് എളുപ്പമാക്കാനും അവയുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനുമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഈ ശൃംഖല വിപുലീകരിക്കാൻ ദൽഹി സർക്കാർ പദ്ധതിയിടുന്നുണ്ട്. മോഡൽ ടൗൺ, ഐഎൻഎ, ഐപി എക്സ്റ്റൻഷൻ, പശ്ചിം വിഹാർ വെസ്റ്റ്, രാജേന്ദ്ര പ്ലേസ്, ജനക്പുരി വെസ്റ്റ്, രാജൗരി ഗാർഡൻ, ഗ്രേറ്റർ കൈലാഷ്, ദ്വാരക സെക്ടർ 10, ഛത്തർപൂർ മെട്രോ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലായി 2027 ജനുവരിയിൽ പത്ത് ‘അർപ്പൺ’ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
















