തിരുവനന്തപുരം: പിണറായി വിജയനെതിരായ എഫ്ഐആർ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഒത്തുകളിയുടെയും ഇരട്ടത്താപ്പിന്റെയും തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംശയം ശക്തമാക്കുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വി.ഡി. സതീശന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും എത്തുമെന്ന ഭയമാണ് കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എസ്ഐടി അന്വേഷണം ആരംഭിച്ചപ്പോൾ രാഷ്ട്രീയ പകപോക്കലിനില്ലെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിന് നൽകിയ കത്തും തെളിവുകളും പരിശോധിച്ച കോടതി, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ ശേഷമാണ് സർക്കാർ നടപടിയെടുത്തത്. കോടതി ഉത്തരവുണ്ടായി നാലുദിവസം കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, അതിനുപിന്നാലെ അരമണിക്കൂറിനകം പിണറായി വിജയൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഈ നാലുദിവസം പിണറായി വിജയന് കോടതിയെ സമീപിക്കാൻ അവസരമൊരുക്കാനായിരുന്നോ കോൺഗ്രസ് നടപടി വൈകിപ്പിച്ചതെന്ന ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരെ എസ്ഐടി രൂപീകരിച്ച് 17 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ല. നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് പരമാവധി 14 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിൽ എസ്ഐടി എന്ത് അന്വേഷണം നടത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും ഒത്തുകളിയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ തെളിവുകൾ ഹവാല ഇടപാടുകളിലേക്കും കോൺഗ്രസ് മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയിലേക്കും വിരൽചൂണ്ടുന്നതാണ് കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ആശങ്കപ്പെടുത്തുന്നത്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പിണറായി വിജയനെതിരായ നിയമനടപടികൾ വൈകിപ്പിക്കുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും ഇരു കൂട്ടരും ദേശീയ തലത്തിൽ മാത്രമല്ല കേരളത്തിലും ഒന്നായി മാറിക്കഴിഞ്ഞതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















