ഇടുക്കി:ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. കൊല്ലം എഴുകോണ്‍ സ്വദേശി കെ യു മിഥുന്‍ ആണ് പിടിയിലായത്. പഴയ കൊച്ചറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ താത്കാലിക പൂജാരിയായിരുന്ന ഇയാള്‍ ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണങ്ങള്‍ അപഹരിച്ച് കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ക്ഷേത്രത്തില്‍ നിന്നു പത്ത് ലക്ഷം രൂപയോളം വില വരുന്ന തിരുവാഭരണങ്ങള്‍ പൂജാരി മോഷ്ടിച്ചത്. ഓഫീസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ആണ് മോഷണം പോയത്. ഫെബ്രുവരി 16 ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്.
അന്ന് ക്ഷേത്രം സെക്രട്ടറിയായിരുന്ന സുരേന്ദ്രന്‍ നായര്‍ മാടപ്പാട്ട് നല്‍കിയ പരാതിയില്‍ വണ്ടന്‍മേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.കഴിഞ്ഞ ജനുവരി ആറാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെയാണ് മിഥുന്‍ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തത് . ഈ സമയത്താണ് താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വര്‍ണം കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണത്തിന്റെ കുറച്ചു ഭാഗങ്ങള്‍ പല സ്വര്‍ണക്കടകളിലായി വില്‍ക്കുകയും വേറെ സ്വര്‍ണം വാങ്ങുകയും ചെയ്തു. അറസ്റ്റിലായ മിഥുനിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















