ന്യൂദല്‍ഹി: സിജെപി സമരത്തിന്‌റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ‘ഒരു ഈച്ചയെ കൊല്ലാന്‍ കൂടം ഉപയോഗിക്കുന്നതെന്തിനെന്ന് കോടതി ആരാഞ്ഞു.
പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു നഗരം മുഴുവന്‍ അടച്ചിടാന്‍ കഴിയില്ല. അത്തരം കടുത്ത നടപടികള്‍ സാധാരണ പൗരന്മാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി , വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് ദല്‍ഹി നിവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യം ഉണ്ടാകാതിരിക്കാന്‍ നിരോധനം പുനഃപരിശോധിക്കാനും മെട്രോ ട്രെയിനുകളുടെയും മറ്റ് റെയില്‍വേ സര്‍വീസുകളുടെയും ഗതാഗതം ഉചിതമായ രീതിയില്‍ അനുവദിക്കാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ദല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിന് ഒരു ബദല്‍ വേദി കണ്ടെത്തേണ്ടതുണ്ടെന്നും വിഷയം പരിശോധിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.











