ഇസ്ലാമബാദ്: പാകിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ഒരു “ആഗോള യുദ്ധത്തിൽ” ഏർപ്പെട്ടിരിക്കുകയാണെന്ന് നേഷൻസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി. ഡിസംബർ 31-ന് തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി ഗുട്ടെറസ് പാകിസ്ഥാനിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഇസ്ലാമാബാദിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു മൊഹ്‌സിൻ നഖ്‌വിയുടെ അവകാശവാദം.ആഭ്യന്തര മന്ത്രിയോടൊപ്പം ആഭ്യന്തര സഹമന്ത്രി തലാൽ ചൗധറിയും ഉണ്ടായിരുന്നു.
ആഗോള തലത്തിൽ പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് മറച്ചു വെക്കാനാണ് ആഭ്യന്തര മന്ത്രി ശ്രമിച്ചത്. അതിർത്തിയിൽ നടത്തുന്ന തീവ്രവാദ ശ്രമങ്ങളും നുഴഞ്ഞു കയറ്റവും ഇവർ ന്യായീകരിച്ചു. അന്താരാഷ്‌ട്ര സുസ്ഥിരതയ്‌ക്കായുള്ള വിശാലമായ സേവനമായി തങ്ങളുടെ ആഭ്യന്തര സുരക്ഷാ പോരാട്ടങ്ങളെയും അതിർത്തിയിലെ തീവ്രവാദ വിരുദ്ധ ശ്രമങ്ങളെയും ചിത്രീകരിക്കാനാണ് പാകിസ്ഥാൻ പ്രതിനിധി സംഘം ശ്രമിച്ചത്. യുഎന്നിൽ നിന്ന് കൂടുതൽ അംഗീകാരം നേടാനും അവർ ശ്രമിച്ചു.അഫ്ഗാനിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളിൽ നിന്നുള്ള ആഭ്യന്തര തീവ്രവാദ ആക്രമണങ്ങൾ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അവകാശവാദം വന്നിരിക്കുന്നത്.
തങ്ങളുടെ സൈനിക നടപടികളെ ഒരു ആഗോള പ്രതിരോധ കവചമായി അവതരിപ്പിക്കാൻ ഇസ്ലാമാബാദ് ശ്രമിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാന്റെ ഇരട്ടത്താപ്പ് സുരക്ഷാ നയങ്ങളെയും വിവിധ തീവ്രവാദ ഗ്രൂപ്പുകളോടുള്ള മുൻകാല സഹിഷ്ണുതയെയും അന്താരാഷ്‌ട്ര നിരീക്ഷകരും അയൽരാജ്യങ്ങളും കാലങ്ങളായി വിമർശിക്കുന്നുണ്ട്.യുഎൻ പതാകയ്‌ക്ക് കീഴിൽ ജീവൻ വെടിഞ്ഞ 181 പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ ജീവത്യാഗവും എടുത്തു പറഞ്ഞു.
അതേസമയം, സ്വന്തം പ്രദേശത്ത് പ്രവർത്തിക്കുന്ന ഭീകരവാദ ഇൻഫ്രാസ്ട്രക്ചറിനെതിരെ പാകിസ്ഥാൻ കൃത്യവും പരിശോധിക്കാവുന്നതുമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ആഗോളതലത്തിലുള്ള നയതന്ത്ര വാചാടോപങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം പ്രായോഗിക നടപടികളാണ് വേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
















