ന്യൂദൽഹി: ജിഎസ് ടി ഈടാക്കുന്ന വിഷയത്തിൽ ഇനി അറസ്റ്റ് ഇല്ല. പകരം ശിക്ഷാ പിഴത്തുകയിൽ വൻ വർദ്ധന. ജിഎസ് ടി ഉംദ്യോഗസ്ഥർ പരിശോധനയ്‌ക്കും മറ്റുമെത്തുമ്പോൾ നികുതിദായകരുമായി വാക്കേറ്റമുണ്ടാകുന്നതും കൈയേറ്റം നടക്കുന്നയതും ഒഴിവാക്കാനാണ് ഈ നടപടി. ഇതടക്കം ഒട്ടേറെ നടപടി പരിഷ്‌കരണങ്ങൾ ദൽഹിയിൽ ഇന്ന് (ഒക്‌ടോബർ 8) നടന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി.
നികുതി ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരം റദ്ദാക്കുന്നത് ഉൾപ്പെടെ ജിഎസ്ടി നടപ്പാക്കൽ നടപടികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച നിർദ്ദേശിച്ചു.
ഇതനുസരിച്ച്, ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റ് അധികാരം എടുത്തുകളയുകയും, നിയമനടപടി സ്വീകരിക്കുന്നതിനുള്ള സാമ്പത്തിക പരിധി ഒരു കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തുകയും ചെയ്യും.
നിലവിലെ ചട്ടങ്ങൾ പ്രകാരം, ഒരു കോടി രൂപയിൽ അധികം വരുന്ന നികുതി വെട്ടിപ്പ്, വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) തട്ടിപ്പ്, അല്ലെങ്കിൽ തെറ്റായ രീതിയിലുള്ള റീഫണ്ട് നേടൽ തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
എന്നാൽ, പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ നിർബന്ധിത കുറഞ്ഞ ശിക്ഷാ വ്യവസ്ഥ ഒഴിവാക്കപ്പെടും; പകരം, പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കോടതിയുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കും.
പ്രത്യേക പിഴയൊന്നും നിശ്ചയിച്ചിട്ടില്ലാത്ത കേസുകളിൽ ബാധകമാകുന്ന പൊതുവായ പിഴത്തുക 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്‌ക്കും.
ജിഎസ്ടി ഡാറ്റാ അനലിറ്റിക്‌സിലുണ്ടായ പുരോഗതി മൂലം, വിൽപ്പനക്കാർ നൽകുന്ന ഇൻവോയ്സുകളും വാങ്ങുന്നവർ റിപ്പോർട്ട് ചെയ്യുന്നവയും തമ്മിൽ ഒത്തുനോക്കാനും, വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പുകൾ അവ സൃഷ്ടിക്കപ്പെടുന്ന ഘട്ടത്തിൽ തന്നെ കണ്ടെത്താനും സാധിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
കൂടുതൽ വായിക്കാം:
















