ന്യൂദൽഹി: റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കി. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്ന് ഇന്ത്യ എപ്പോഴും വിശ്വസിച്ചിട്ടുണ്ടെന്ന് ന്യൂദൽഹിയിൽ നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കൂടാതെ യുദ്ധത്തിനുള്ള സമയമല്ല ഇതെന്നും യുദ്ധക്കളത്തിൽ നിന്ന് പരിഹാരങ്ങൾ ഉയർന്നുവരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷ്കെക്കിൽ വെച്ചാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്. ബിഷ്കെക്കിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ, ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിന് പകരം സംഘർഷം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
അതേ സമയം തന്നെ കരിങ്കടലിലെ ഷിപ്പിംഗ് സുരക്ഷ, ധാന്യം, ഊർജ്ജ കയറ്റുമതി എന്നിവയെക്കുറിച്ചുള്ള റഷ്യയുടെയും ഉക്രെയ്‌നിന്റെയും അടിയന്തര ആശങ്കകൾ പരിഹരിക്കുന്നതിൽ തുടങ്ങി ചില മേഖലകളിൽ സഹായിക്കാൻ ന്യൂദൽഹി ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















